മസ്കത്ത് : ഒമാൻ എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ പ്രഖ്യാപിച്ച് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം. ഒമാനിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ദേശീയ വിമാന
കമ്പനിയുമായി ചേർന്ന് പദ്ധതി ഒരുക്കുന്നത്. ഒമാൻ എയറിന്റെ പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്കത്തിൽ സ്റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടൽ താമസം അനുവദിക്കും. ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ഒരു ദിവസത്തെ നിരക്കിൽ രണ്ട് രാത്രിയും താമസ സൗകര്യം ലഭിക്കും. നവംബർ 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും പ്രസ്താവനയിൽ അറിയിച്ചു. ഇതിന് പുറമെ ഒമാനിലെ ആഭ്യന്തര ടൂർ പാക്കേജുകൾ, വാടക കാർ സേവനങ്ങൾ തുടങ്ങിയവയിൽ വലിയ നിരക്കിളവും ലഭ്യമാകും. കുറഞ്ഞ സമയങ്ങൾക്കകം മസ്കത്തും പരിസരങ്ങളും ചുറ്റിക്കറങ്ങാനും ആസ്വദിക്കാനും യാത്രക്കാർക്ക് അവസരമൊരുങ്ങും.
