മസ്കത്ത്: ഇറാൻ വ്യവസായ, ഖനന, വ്യാപാര മന്ത്രി സയ്യിദ് മുഹമ്മദ് അതാബെക്ക് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ-ഇറാൻ സംയുക്ത കമ്മിറ്റി യോഗത്തിന്റെ ചട്ടക്കൂടിനുള്ളിലായിരുന്നു ഈ കൂടിക്കാഴ്ച. ഒമാനും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ വാഗ്ദാന മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു.
ഉഭയകക്ഷി ബന്ധം, വ്യാപാര വിനിമയം, സാമ്പത്തിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യവും അടിവരയിട്ട് പറഞ്ഞു. പ്രദർശന മേഖലയിലെ പരസ്പര സഹകരണത്തിനായുള്ള കരട് ധാരണാപത്രം, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാറിന്റെ കരട്, കസ്റ്റംസ് മേഖലയിലെ സഹകരണത്തിനായുള്ള കരട് കരാറിനെക്കുറിച്ചും ഇരുപക്ഷവും സംസാരിച്ചു. യോഗത്തിൽ ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം അഹമ്മദ് അൽ മുഐനി, സുൽത്താനേറ്റിലെ ഇറാൻ അംബാസഡർ മൂസ ഫർഹാങ്, ഇരുവശത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
