മസ്‌കത്ത് : ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഭാരമേറിയ മണ്ണൂമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ഹഫീത്ത് റെയില്‍ അധികൃതര്‍ അറിയിച്ചു.
ഒമാനിലെ സുഹാറി യുഎഇയിലെ അബുദാബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍ പദ്ധതി 300 കോടി യുഎസ് ഡോളര്‍ ചെലവിലാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിനായി പ്രത്യേക കണ്‍സോര്‍ഷ്യം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 34 മീറ്റര്‍ വരെ ഉയരമുള്ള 60 പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവയുള്‍പ്പെട്ടതാണ് റെയില്‍ പദ്ധതി.ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ സുഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാ ദൂരം 100 മിനിറ്റ് ആയി കുറയും. യാത്രാ, ചരക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി 303 കിലോമീറ്റര്‍ ദുരത്തിലാണ് പദ്ധതി ഒരുക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ ട്രെയിനുണ്ടാകുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും.
