പൊതു മേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ അവസരം വര്‍ദ്ധിക്കുന്നതിന്റെ സൂചന
മസ്‌കത്ത് : സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം കൂടുതല്‍ ലഭിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനത്തിലധികം തൊഴില്‍ അവസരങ്ങളാണ് ഒമാനികള്‍ക്ക് ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രസിദ്ധീകരിച്ച ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പബ്ലിക് അഥോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്ന ജീവന്‍ പരിരക്ഷയുടെ പരിധിയില്‍ വരുന്നവരാണ് ഇവര്‍.
നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2,75,529 ആണ്.
ഇവരില്‍ 31.5 ശതമാനവും തലസ്ഥാന നഗരമായ മസ്‌കത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 85,053 ഒമാനികളാണ് മസ്‌കത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നത്. ഇത് ഈ വര്‍ഷം 86,871 ആയി. 1,818
മറ്റ് ഗവര്‍ണറേറ്റുകളിലും പുതിയതായി ജോലി ലഭിച്ച ഒമാനികളുടെ എണ്ണത്തില്‍ സമാനമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളില്‍ 48.7 ശതമാനവും പബ്ലിക് അഥോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ പെടുന്നവരാണ്. ഇവര്‍ പ്രതിമാസം 325- 500 ഒമാനി റിയാല്‍ ( ഏകദേശം 65,00 -100,000 രൂപ) ശമ്പളം വാങ്ങിക്കുന്നവരാണ്.
പ്രതിമാസം 700-1000 ഒമാനി റിയാല്‍ ശമ്പളം വാങ്ങിക്കുന്ന 33,166 സ്വദേശികളാണുള്ളതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ മേഖലയിലും ഒമാനികള്‍ക്ക് അവസരം കൂടുതല്‍ ലഭിക്കുന്നത് പ്രവാസികളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. വൈദഗ്ദ്ധ്യ മേഖലയിലും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതോടെ ഈ മേഖലയിലെ പ്രവാസികളുടെ മേല്‍ക്കൈ അവസാനിക്കും.












