മസ്‌കത്ത് : ഒമാനിൽ 2028 ജനുവരിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ വിശദവിവരങ്ങൾ സർക്കാർ പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിലൂടെയാണ് രാജകീയ ഉത്തരവിന്റെ ഭാഗമായി പുതിയ നികുതി ചട്ടക്കൂട് പ്രഖ്യാപിച്ചത്. നിയമത്തിൽ 11 തരത്തിലുള്ള വരുമാനങ്ങളാണ് നികുതിക്ക് വിധേയമാകുന്നതെന്ന് വ്യക്തമാക്കുന്നു.
നികുതിയ്‌ക്ക് വിധേയമായ പ്രധാന വരുമാന വിഭാഗങ്ങൾ:
ശമ്പളവും ആനുകൂല്യങ്ങളും:
ആദർശ ശമ്പളം, അലവൻസ്, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നികുതിയ്‌ക്കു കീഴിലാണ്. എന്നാൽ വിരമിക്കൽ പെൻഷൻ തുക ഇതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
സ്വതന്ത്ര തൊഴിലിൽ നിന്നുള്ള വരുമാനം:
ഫ്രീലാൻസ്, സ്വയംതൊഴിൽ തുടങ്ങിയവയിൽനിന്നുള്ള വരുമാനങ്ങൾ നികുതിയ്‌ക്ക് വിധേയമാകും. ഇതുമായി ബന്ധപ്പെട്ട ചില ചെലവുകൾക്ക് 15% വരെ കിഴിവ് അനുവദിക്കും.
വാടക വരുമാനം:
റിയൽ എസ്റ്റേറ്റ്, ഉപകരണങ്ങൾ, മറ്റ് ആസ്തികൾ വാടകയ്ക്ക് നൽകുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലും നികുതി ബാധകമാണ്.
റോയൽറ്റികൾ:
ബൗദ്ധിക സ്വത്തും ടെക്‌നിക്കൽ/വ്യാവസായിക ഉപകരണങ്ങളും ഉപയോഗിച്ചതിൽ നിന്നുള്ള വരുമാനം.
പലിശ വരുമാനം:
ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്നുള്ള പലിശയും നികുതിക്ക് വിധേയമാണ്.
ഡിവിഡന്റുകൾ:
ഷെയറുകളിലെയും ബോണ്ടുകളിലെയും ലാഭവിഹിതം ഉൾപ്പെടും.
ആസ്തികളുടെ വിറ്റുവരവ്:
റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ആസ്തികളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം.
വിരമിക്കൽ ആനുകൂല്യങ്ങൾ:
സേവനാവസാന പേയ്മെന്റുകൾ, പെൻഷൻ ഉൾപ്പെടെ.
അവാർഡുകളും സമ്മാനങ്ങളും:
ലൈസൻസ് ലഭിച്ച മത്സരങ്ങൾ, നറുക്കെടുപ്പുകൾ, പ്രമോഷനുകൾ എന്നിവയിൽ നിന്നുള്ള പണത്തിനു നികുതി ബാധകമാകും.
ഗ്രാന്റുകളും സംഭാവനകളും:
തൊഴിലുമായി ബന്ധപ്പെട്ടതല്ലാത്ത സാമ്പത്തിക സഹായങ്ങളും വസ്തുക്കളുമാണ് ഇവിടെ ഉൾപ്പെടുന്നത്.
അംഗത്വ പ്രതിഫലങ്ങൾ:
സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ, മുനിസിപ്പൽ കൗൺസിലുകൾ, കമ്പനികളുടെ ബോർഡുകൾ എന്നിവയിൽ സേവനം അനുഷ്ഠിക്കുന്നതിനു ലഭിക്കുന്ന പ്രതിഫലങ്ങൾ.
ഇളവുകളും ഒഴിവാക്കലുകളും:
🔸 നികുതി നൽകേണ്ടത്: വരുമാനം വാർഷികം 42,000 റിയാൽ കടന്നാൽ മാത്രം.
🔸 ചില മേഖലകളിൽ ഇളവ് ലഭിക്കും – വിദ്യാഭ്യാസം, ആരോഗ്യം, ഭവന വായ്പ, അംഗീകൃത സംഭാവനകൾ തുടങ്ങിയവയ്ക്ക് നികുതിയിൽ പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും.
🔸 ആദായ നികുതി നിയമം 2028 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.