മസ്‌കത്ത് : ഒമാനിൽ ജൂലൈ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം കൂടുതൽ മേഖലകളിൽ പ്രാബല്യത്തിൽ വരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഇത് നിരോധനത്തിന്റെ മൂന്നാം ഘട്ടമായിരിക്കും.
പഴം-പച്ചക്കറി കടകൾ, പാക്കേജിംഗ് യൂണിറ്റുകൾ, പലചരക്കുകടുകൾ, മിഠായി ഫാക്ടറികൾ, മധുരപലഹാര കടകൾ, ഗിഫ്റ്റ് കടകൾ, ബേക്കറികൾ, ബ്രെഡ്, പേസ്ട്രി, മിഠായി ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇനി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കപ്പെടും.
ഈ സ്ഥാപനങ്ങൾ തുണി ബാഗുകൾ, പേപ്പർ ബാഗുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കേണ്ടതാണ്. പുതിയ ഉത്തരവ് വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബാധകമായിരിക്കും.
നിയമം ലംഘിക്കുന്നവർക്ക് 50 റിയാലിൽ നിന്ന് 1,000 റിയാൽ വരെ പിഴ ചുമത്തപ്പെടും. നിയമലംഘനം ആവർത്തിക്കുന്നവർക്കു പിഴ ഇരട്ടിയാകും.
ഘട്ടം ഘട്ടമായാണ് ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. 2027 ജൂലൈ 1 മുതലായി ഒമാൻ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ പൂര്‍ണമായും നിരോധിച്ച രാജ്യമായി മാറും.
പ്ലാസ്റ്റിക് ബാഗുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കേസുകളിൽ 1,000 റിയാൽ വരെ പിഴ ഈടാക്കപ്പെടും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാകും.