മസ്‌കത്ത് : വേനൽക്കാലത്തെ അമിത വൈദ്യുതി നിരക്കിന് തടയിടാൻ നടപടികളുമായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ). മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്ക് പ്രത്യേക നിരക്കുകൾ നിർണയിച്ച് എപിഎസ്ആർ ഉത്തരവിറക്കി. താമസ കെട്ടിടങ്ങളിലെ ബേസിക് അക്കൗണ്ടുകൾക്കാണ് ഈ ഇളവ് ലഭിക്കുക. പ്രവാസികൾക്ക് അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി കണക്ഷനുകൾക്കും ഒമാനിയുടെ പേരിലുള്ള ആദ്യത്തെ കണക്ഷനും ഈ നിരക്കിളവ് ലഭിക്കും.
ബേസിക് വിഭാഗത്തിലെ ഉപയോക്താക്കളിൽ, മേയ് മാസത്തിൽ 0 മുതൽ 4000 കിലോവാട്ട് വരെ ഉപയോഗിച്ചവർക്ക് 15 ശതമാനം ഇളവും, 4001 കിലോവാട്ട് മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിച്ചവർക്ക് 10 ശതമാനം ഇളവും ലഭിക്കും. എന്നാൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 0 മുതൽ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർക്ക് 20 ശതമാനവും, 4001 കിലോവാട്ട് മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർക്ക് 15 ശതമാനവും ഇളവ് ലഭിക്കും.
കനത്ത ചൂട് അനുഭവപ്പെടുന്ന ഈ നാല് മാസക്കാലയളവിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിക്കുന്നതിനാൽ വൈദ്യുതി ബില്ല് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എപിഎസ്ആറിന്റെ ഈ തീരുമാനം ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകും. സ്വന്തം പേരിൽ വൈദ്യുതി കണക്ഷനുള്ള പ്രവാസികൾക്ക് ഈ തീരുമാനം ഏറെ പ്രയോജനകരമാകും.
കൂടാതെ, വേനൽക്കാലത്ത് അടിസ്ഥാന വിഭാഗത്തിൽപ്പെട്ട റസിഡൻഷ്യൽ ഉപയോക്താക്കളുടെ വൈദ്യുതി സേവനങ്ങൾ വിച്ഛേദിക്കരുതെന്ന് വൈദ്യുതി വിതരണ കമ്പനികൾക്ക് എപിഎസ്ആർ നിർദ്ദേശം നൽകിയിട്ടുണ്ട്. പണം അടയ്ക്കുന്നത് വൈകിയാലും വൈദ്യുതി ലഭ്യത ഉറപ്പാക്കിക്കൊണ്ട്, അംഗീകൃത നിയന്ത്രണ ചട്ടക്കൂടിന് അനുസൃതമായി ഉപയോക്താക്കൾക്ക് തവണകളായി ബില്ലുകൾ അടയ്ക്കാൻ സൗകര്യമൊരുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
