കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
മസ്‌കത്ത് : തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഒമാനിലെ മലയോര മേഖലകളില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കനത്ത നാശനഷ്ടം. വെള്ളപ്പൊക്കത്തില്‍ വിവിധ ഭാഗങ്ങളിലായി മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു.
അല്‍ റുസ്താഖ് മേഖലയില്‍ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒമ്പതും പത്തും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.
അല്‍ സഹ്താന്‍ വാദിയിലാണ് മഴമൂലം മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
ഇതേ മേഖലയിലെ ബനി അവാഫ് വാദിയില്‍ ആറു വയസ്സുള്ള കുട്ടിയും മരണമടഞ്ഞു.
ഈ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവാസികളായ രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുമുണ്ട്.
ഇബ്രയിലെ മസ്‌റൗം താഴ് വരയില്‍ ട്രക്കില്‍ പോയ രണ്ടു ഏഷ്യന്‍ വംശജര്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ടതായാണ് വിവരം. റോയല്‍ ഒമാന്‍ പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ റോഡുകള്‍ ചിലത് തകര്‍ന്നു. മഴയുള്ള സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ വാദികളുടെ സമീപം പോവരുതെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ നോക്കി വേണം വാഹനം ഓടിക്കാനെന്നും പോലീസ് അറിയിച്ചു.











