മസ്കത്ത്: രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ് അക്ഷര മുറ്റത്തേക്ക് എത്തിയത്. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി സ്കൂകൾ അലങ്കരിക്കുകയും മറ്റും ചെയ്തിരുന്നത്. 47,000 വിദ്യാർഥികൾ ഈ വർഷം സ്കൂളുളിൽ എത്തും. അതേസമയം, ഒമാനിലെ 22 ഇന്ത്യൻ സ്കൂളുകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസുകൾ തുടങ്ങുന്നത്. പ്രവേശനോത്സവ ചടങ്ങുകൾ വരും ദിവസങ്ങളിൽ വിവിധ സ്കൂളുകളിൽ വിപുലമായ രീതിയിൽ നടക്കും. മുതിർന്ന ക്ലാസുകളിൽ ഇന്ന് മുതൽക്കുതന്നെ പഠനങ്ങൾ ആരംഭിച്ചു. പുതിയ പ്രവേശനത്തിനുള്ള ആദ്യഘട്ട നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെ.ജി.മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ജിബ്രുവിൽ വിപുലമായ തോതിൽ പ്രവേശനോത്സവത്തിനുള്ള തയ്യറെടുപ്പുകൾ നടത്തിയിരുന്നു. അധ്യാപകർ കുട്ടികളെ സ്നേഹപൂർവ്വം സ്‌കൂളിലേക്ക് വരവേറ്റു. ഈദ് ആഘോഷവും കഴിഞ്ഞാണ് കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്കു പ്രവേശിക്കുന്നത്. ഇനി രണ്ടു മാസക്കാലത്തെ അധ്യയനത്തിനു ശേഷം ജൂൺ രണ്ടാം വാരംമുതൽ മധ്യവേനൽ അവധിക്കായി സ്‌കൂളുകൾ വീണ്ടും അടക്കും.











