മൂന്നാർ : ദിവസങ്ങളായി കണ്ണീരൊലിപ്പിപ്പിച്ച് തിരഞ്ഞുനടന്ന തന്റെ കളിക്കൂട്ടുകാരിയെ കുവി ഒടുവിൽ എട്ടാം ദിവസം കണ്ടെത്തി. പെട്ടിമുടി ദുരന്തസ്ഥലത്തിന് നാലു കിലോമീറ്റർ താഴെ പുഴയിൽ നിന്ന്. കുവി എന്ന നായയെ പിന്തുടർന്ന രക്ഷാപ്രവർത്തകർ ധനു എന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു.
നായയുടെ സ്‌നേഹത്തിന് മുമ്പിൽ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും കണ്ണ് നനഞ്ഞു. ദുരന്തമുണ്ടായതിന്റെ പിറ്റേന്നു മുതൽ കുവി എന്ന നായ സ്ഥലത്തുനിന്ന് മാറിയിരുന്നില്ല. ഇന്നലെ ദുരന്തം നടന്ന സ്ഥലത്തു നിന്ന് നാലു കിലോമീറ്റർ താഴെ നായ മണം പിടിച്ചു നടക്കുന്നതും മാറാത്തതും രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ നായയെ പിന്തുടർന്നു. കുവി മണത്തെത്തിയ പുഴയിലെ പാലത്തിൽ തങ്ങിനിന്ന മരത്തടിയിൽ തങ്ങിനിവ ചപ്പുചവറുകൾക്കിടയിൽ ഒരു കുഞ്ഞു കൈ കണ്ടെത്തി. മരത്തിലൂടെ ഇറങ്ങിച്ചെന്ന രക്ഷാപ്രവർത്തകർ ചപ്പുചവറുകൾ നീക്കിയപ്പോൾ ലഭിച്ചത് ധനുവിന്റെ മൃതശരീരം. കുട്ടിയെ കണ്ടെത്തിയെങ്കിലും പുഴയോരത്തു നിന്ന് പോകാൻ നായ തയ്യാറായിരുന്നില്ല.
തിരച്ചിലിന്റെ എട്ടാംദിവസമായ വെള്ളിയാഴ്ചയാണ് ധനുഷ്‌കയെന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലെ വളർത്തുനായയാണ് കുവി. കുട്ടിയുടെ മുത്തശി കറുപ്പായി മാത്രമാണ് കുടുംബത്തിൽ ഇനി ശേഷിക്കുന്നത്.
അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും കണ്ടെത്താനുണ്ട്.
