കൊച്ചി: ഇരുപത് ദിവസം നീണ്ട അടച്ചിലിന് ശേഷം എറണാകുളം മാർക്കറ്റും ബ്രഓഡ്!വേയും ഉൾപ്പെട്ട നഗരത്തിന്റെ വ്യാപാരസിരാകേന്ദ്രം ചൊവ്വാഴ്ച വീണ്ടും തുറക്കും. കർശനമായ നിയന്ത്രണങ്ങളോടെയാണ് കടകൾ ഭാഗികമായി തുറക്കാൻ അധികൃതർ അനുമതി നൽകിയത്.
മാർക്കറ്റിൽ പഴങ്ങളും പച്ചക്കറികളും ഇറക്കുന്ന ജോലികൾ വെളുപ്പിന് മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിപ്പിക്കണം. ഏഴു മുതൽ 11 വരെ പഴം, പച്ചക്കറി കടകൾ തുറന്നുപ്രവർത്തിക്കാം. രാവിലെ 11 മുതൽ വൈകിട്ട് 6.30 വരെ മറ്റു കടകൾ തുറക്കാം. വിവിധ റോഡുകളിൽ ഒന്നിടവിട്ട ദിസവങ്ങളിൽ ഓരോ വശത്തുമുള്ള കടകൾ തുറക്കാനാണ് അനുവാദം.
ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., ജില്ലാ കളക്ടർ എസ്. സുഹാസ്, പൊലീസ് കമ്മിഷണർ വിജയ് സാഖറെ, കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ. എം.വിപിൻ തുടങ്ങിയർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
മാർക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർക്കാണ് ഈ മേഖലയിൽ ആദ്യം കോവിഡ് ബാധിച്ചത്. തുടർന്ന് നിരവധിപേരിലേക്ക് പടർന്നതോടെയാണ് പ്രദേശം അടച്ചുപൂട്ടിയത്. ഒരു വ്യാപാരി മരിക്കുകയും ചെയ്തു. ഏഴു ദിവസം കഴിഞ്ഞപ്പോഴും തുറക്കാൻ അനുവദിച്ചിരുന്നില്ല.
