അജീഷ് ചന്ദ്രൻ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എയര്‍ടെല്ലിന്റെ പ്ലാറ്റിനം, വോഡഫോണ്‍ ഐഡിയയുടെ റെഡ് എക്‌സ് എന്നീ പ്രീമിയം പ്ലാനുകള്‍ തടഞ്ഞു. ട്രായിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന പ്ലാനുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു കണ്ടാണ് അടിയന്തിരമായി ഇത് നിര്‍ത്തിവെക്കാന്‍ ഇരു കമ്പനികളോടും ഉത്തരവിട്ടത്. ഉപയോക്താക്കള്‍ക്ക് വേഗത്തിലുള്ള ഡാറ്റയും മറ്റു മുന്‍ഗണനാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്ലാനുകളായിരുന്നു ഇവ. മറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കുള്ള സേവനങ്ങളുടെ ചിലവിലൂടെയാണ് ഈ നെറ്റ്‌വര്‍ക്കുകള്‍ പ്രീമിയം മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം കണക്കിലെടുത്തു റെഗുലേറ്റര്‍ ബോര്‍ഡ് രണ്ട് ഓപ്പറേറ്റര്‍മാരുടെയും നടപടികളെ ചോദ്യം ചെയ്തു.
മുന്‍ഗണനാ ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ട്രായ് രണ്ട് കമ്പനികള്‍ക്കും കത്തെഴുതി. മറ്റ് പൊതു വരിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കമ്പനികള്‍ എന്തൊക്കെ ചെയ്യുന്നുവെന്നും ട്രായ് ചോദിക്കുന്നു. ഇത്തരം നിര്‍ദ്ദിഷ്ട പ്ലാനുകള്‍ക്കായി ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നത് മറ്റ് വരിക്കാരുടെ സേവനങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമോ എന്നും ട്രായി സംശയം ഉന്നയിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ട്രായ് ഏഴ് ദിവസത്തെ സമയമാണ് എയര്‍ടെല്ലിനും വോഡഫോണിനും നല്‍കിയത്.
കഴിഞ്ഞ തിങ്കളാഴ്ച എയര്‍ടെല്‍ 4 ജി നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനായി പ്രതിമാസം 499 രൂപയും അതിന് മുകളിലുമുള്ള പ്ലാറ്റിനം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ മികച്ച വേഗത ലഭിക്കുന്ന മുന്‍ഗണനാ ഉപഭോക്താക്കളായിരിക്കും പ്ലാറ്റിനം ഉപഭോക്താക്കള്‍. വോഡഫോണ്‍ ഐഡിയയുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള മുന്‍ഗണനാ പദ്ധതികളും ഏതാണ്ട് ഇതേ തരത്തിലുള്ളതാണ്. മറ്റ് ആനുകൂല്യങ്ങള്‍ക്കും പ്രത്യേകാവകാശങ്ങള്‍ക്കും പുറമെ 50 ശതമാനം വരെ അധികഡാറ്റ വേഗതയും പ്രീമിയം പ്ലാനില്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ എട്ട് മാസമായി ട്രായ്ക്ക് ഈ പ്ലാന്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മെയ് മാസത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിച്ച പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്കു മാത്രം പ്ലാന്‍ ഓണ്‍ബോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് വോഡഫോണ്‍ പറയുന്നു.
ട്രായ് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ടെലികോം തര്‍ക്ക പരിഹാര അപ്പലേറ്റ് ട്രൈബ്യൂണലില്‍ (ടിഡിഎസാറ്റ്) വോഡഫോണ്‍ ഐഡിയ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രീമിയം സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള ട്രായിയുടെ നിലവിലെ തീരുമാനത്തില്‍ വോഡഫോണ്‍ കാര്യമായി തിരിച്ചടി നേരിടുമെന്നാണ് സൂചന. താരിഫ് പോലുള്ള ഒരു സുപ്രധാന വിഷയത്തില്‍ പ്രതികരിക്കുവന്ന അഥോറിറ്റിയുടെ തീരുമാനത്തില്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ തികഞ്ഞ അസ്വസ്ഥരാണ്. പരാതി നല്‍കുന്ന കാര്യം എയര്‍ടെല്‍ അറിയിച്ചിട്ടില്ല. നിലവിലെ നിയമപ്രകാരം ഓണ്‍ബോര്‍ഡിംഗ് ദിവസം മുതല്‍ 180 ദിവസത്തേക്ക് മാത്രം ലഭ്യമായ പ്രീമിയം വരിക്കാരുടെ താരിഫ് പരിരക്ഷിക്കുമെന്ന് ട്രായ് പറഞ്ഞിട്ടുണ്ട്. അതിനുശേഷമായിരിക്കും നിരോധനം വരിക. എന്നാല്‍, ഇരുകമ്പനികളും നല്ലൊരു പിഴ അടക്കേണ്ടി വന്നേക്കാം.