ദോഹ: രണ്ടുമാസത്തെ വേനലവധിയും കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങളിൽ വീണ്ടും പഠനകാലം. സർക്കാർ, സ്വകാര്യമേഖലകളിലെ സ്കൂളുകളിലെല്ലാം ഞായറാഴ്ച വീണ്ടും പ്രവൃത്തി ദിനങ്ങൾ ആരംഭിക്കും. ബാക്ക് ടു സ്കൂൾ കാമ്പയിനിലൂടെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുഗതാഗത വിഭാഗമായ കർവ, മുഷൈരിബ് ഗലേറിയ വിവിധ സ്കൂളുകൾ, മാളുകൾ എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കൽ ആവേശം വിദ്യാർഥികളിലേക്കും പകർന്നു. ‘എന്റെ സ്കൂൾ, എന്റെ രണ്ടാം വീട്’ എന്ന തലവാചകത്തോടെ ആരംഭിച്ച ബാക്ക് ടു സ്കൂൾ കാമ്പയിൻ ഇന്ന് അവസാനിക്കും.
വിവിധ ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയവ സ്കൂൾ വിപണി ഒരുക്കി സ്കൂൾ തുറക്കും കാലത്തെ ആഘോഷപൂർവം വരവേറ്റു. ട്രാഫിക് പൊലീസ്, പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിനാവശ്യമായ എല്ലാ തയാറെടുപ്പുകളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. മാൾ ഓഫ് ഖത്തറിൽ വിദ്യാഭ്യാസ മന്ത്രാലയം നേതൃത്വത്തിൽ നടന്ന ബാക്ക് ടു സ്കൾ പരിപാടികൾ വ്യാഴാഴ്ചയോടെ അവസാനിച്ചു. കഴിഞ്ഞ ആറു ദിവസങ്ങളിലായി ദിവസവും വൈകീട്ട് മുതൽ രാത്രി വരെയായി കുട്ടികൾക്ക് വിനോദ, വിജ്ഞാന പരിപാടികൾ സജ്ജീകരിച്ചാണ് മാൾ ഓഫ് ഖത്തർ വരവേറ്റത്. വിവിധ കളികളും മത്സരങ്ങളും സംഘടിപ്പിച്ച് കൈ നിറയെ സമ്മാനങ്ങൾ നൽകി കുട്ടികളിലേക്ക് പുതിയ അധ്യയന വർഷത്തിന്റെ ചൂടും പകർന്നു. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മുവാസലാത് നേതൃത്വത്തിലെ ആഘോഷങ്ങൾ ഇന്ന് സമാപിക്കും.











