2016 നവംബർ എട്ടിനായിരുന്നു 500ൻ്റെയും 1000ൻ്റെയും നോട്ടുകൾ അർദ്ധരാത്രി മുതൽ നിരോധിക്കുമെന്ന നാടകീയ പ്രഖ്യാപനം പ്രധാനന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. രാജ്യത്തെ സംബന്ധിച്ച് ഇപ്പോഴും ദഹിക്കാത്ത നിരവധി ഘടകങ്ങൾ അന്തർലീനമായ നാടകീയ മുഹൂർത്തമായിരുന്നു 2016ലെ നോട്ടു നിരോധനം. കള്ളപ്പണം, വ്യാജ കറൻസി, അഴിമതി എന്നിവയ്ക്കെതിരായ സർജിക്കൽ സ്ട്രൈക്ക് എന്നതായിരുന്നു 500, 1000 നോട്ടുകൾ ഒരുരാത്രി ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും നിരോധിക്കും എന്ന പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. ‘അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം എന്നിവയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ, നമ്മുടെ രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ഈ പ്രസ്ഥാനത്തിൽ, കുറച്ച് ദിവസത്തേക്കുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ ആളുകൾ സഹിക്കില്ലേ’ എന്നായിരുന്നു നോട്ടുനിരോധനം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ നരേന്ദ്ര മോദി രാജ്യത്തോട് ചോദിച്ചത്.
രാജ്യത്തെ സംബന്ധിച്ച് സാധാരണക്കാരനെ നോട്ടുനിരോധനം എങ്ങനെ ബാധിച്ചുവെന്നത് ചരിത്രമാണ്. അന്ന് പ്രചാരത്തിലിരുന്ന കറൻസിയുടെ ഏതാണ്ട് 86 ശതമാനം വരുന്ന നോട്ടുകളായിരുന്നു ഏതാണ്ട് ഒറ്റയടിക്ക് അന്ന് നിരോധിച്ചത്. പിന്നീടുള്ള മാസങ്ങളിൽ കൈവശമുണ്ടായിരുന്ന നിരോധിത നോട്ടുകൾ അംഗീകൃത കറൻസിയാക്കി മാറ്റിയെടുക്കാൻ രാജ്യത്തെ സാധാരണക്കാർ ബുദ്ധിമുട്ടിയതിൻ്റെ വാർത്തകൾ നമ്മുടെ പബ്ലിക്ഡൊമെയ്നിൽ ചരിത്രരേഖ പോലെ ഇപ്പോഴും ബാക്കിയാണ്.
കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ടെത്താനും കള്ളപ്പണം ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച പ്രധാന ആശയം. എന്നാൽ അതൊരു മണ്ടൻവാദമായിരുന്നു എന്ന് താമസിയാതെ തന്നെ വെളിവായി. വേണ്ടത്ര പഠനമോ മുൻകരുതലോ ഇല്ലാതെയായിരുന്നു ഈ തീരുമാനമെന്ന് പിന്നീട് വന്ന കണക്കുകൾ വ്യക്തമാക്കി. അന്നത്തെ ധനകാര്യമന്ത്രിയായ അരുൺ ജെറ്റ്ലിക്ക് തന്നെ ഇത് സ്ഥിരീകരിക്കേണ്ടി വന്നു. രാജ്യത്ത് വലിയ തോതിലുള്ള കണക്കിൽപെടാത്ത കള്ളപ്പണ നിക്ഷേപങ്ങൾ ഇല്ലെന്ന് 2017ൽ അരുൺ ജെറ്റ്ലിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. തൊട്ടടുത്ത് വർഷം നോട്ടുനിരോധനത്തിൻ്റെ പൊള്ളത്തരങ്ങൾ വെളിവാക്കുന്ന കണക്കുകൾ റിസർവ് ബാങ്കും പുറത്തുവിട്ടു. അസാധുവാക്കപ്പെട്ട കറൻസിയുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്നായിരുന്നു റിസർവ് ബാങ്കിൻ്റെ കണക്ക്.
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധനം എന്ന സർക്കാർ വാദവും പാളുന്നതാണ് തുടർന്നുള്ള വർഷങ്ങളിൽ കണ്ടത്. 2016ൽ 15.92 കോടി രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നോട്ടുനിരോധനത്തിന് ശേഷമുള്ള വർഷങ്ങളിൽ കള്ളപ്പണം പിടിച്ചെടുത്തതിൻ്റെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ വാദവും വെറും വാചാടോപമായിരുന്നു എന്ന് വ്യക്തമാകുന്നത്. 2017, 2018, 2019, 2020, 2021 വർഷങ്ങളിലെ കണക്കുകൾ പ്രകാരം യഥാക്രമം 28.10 കോടി, 17.95 കോടി, 25.39 കോടി, 92.17 കോടി, 39 കോടി എന്നിങ്ങനെയായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ പിടിച്ചെടുത്ത കള്ളപ്പണത്തിൻ്റെ കണക്ക്. നോട്ടുനിരോധനത്തിൻ്റെ തൊട്ടുമുമ്പത്തെ വർഷം പിടിച്ചെടുത്തത് 15.48 കോടി രൂപയായിരുന്നു എന്നതും കണക്കാക്കേണ്ടതുണ്ട്.