കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പ്രീമിയം ഉത്പന്നമായ ഇൻഡേൻ എക്‌സ്ട്രാ തേജ് പാചക വാതക സിലിണ്ടർ വിപണിയിലെത്തി. വാണിജ്യവ്യവസായിക ആവശ്യങ്ങൾക്കുള്ളതാണ് എക്‌സ്ട്രാ തേജ് സിലിണ്ടറുകൾ.
ഫരിദാബാദിലെ ഇന്ത്യൻ ഓയിലിന്റെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡിവിഷൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഇൻഡേൻ എക്‌സ്ട്രാ തേജ്. സാധാരണ എൽ.പി.ജിയേക്കാൾ 80 ഡിഗ്രി സെന്റിഗ്രേഡ് വരെയുള്ള ഉയർന്ന ജ്വാലയും ചൂടുമാണ് എക്‌സ്ട്രാ തേജിന്റെ പ്രത്യേകത. എൽ.പി.ജി ഉപഭോഗത്തിൽ 5 ശതമാനം ലാഭം പ്രതീക്ഷിക്കാം. പാചക സമയത്തിൽ 14 ശതമാനം ലാഭവും. 19 കിലോഗ്രാം, 47.5 കിലോഗ്രാം സിലിണ്ടറുകളിൽ എക്‌സ്ട്രാ തേജ് ലഭ്യമാണ്.
ഇൻഡേൻ ഉദയംപേരൂർ ബോട്ട്‌ലിംഗ് പ്ലാന്റിൽ നടന്ന ചടങ്ങിൽ പ്രഥമ ലോഡ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള തലവനും ചീഫ് ജനറൽ മാനേജരുമായ വി.സി. അശോകൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സിജിഎം (എഞ്ചിനിയറിങ്ങ്) സി.എൻ. രാജേന്ദ്രകുമാർ, സിജിഎം (എൽപിജി) എസ്. ധനപാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.
