കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി താമസക്കാർക്ക് ജൂലൈ ഒന്ന് മുതൽ എക്സിറ്റ് പെർമിറ്റ് ഇല്ലാതെ വിമാനയാത്ര അനുവദിക്കില്ലെന്ന് ജസീറ എയർവേയ്സ് മുന്നറിയിപ്പു നൽകി. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ എയർലൈൻ ഉത്തരവാദിത്വം വഹിക്കില്ലെന്നും നഷ്ടപരിഹാരത്തിനും അർഹതയില്ലെന്നും ജസീറ എയർവേയ്സ് വ്യക്തമാക്കി.
സൗദിയ്ക്ക് ശേഷം പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയ രണ്ടാം ജിസിസി രാജ്യമാണ് കുവൈത്ത്. ആർട്ടിക്കിൾ 18 വിസയിലുള്ള സ്വകാര്യ മേഖലാ തൊഴിലാളികൾക്കാണ് പുതിയ നിയമം ബാധകമാകുന്നത്.
ജസീറ എയർവേയ്സ് പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നതു പ്രകാരം:
- യാത്രയ്ക്ക് മുമ്പ് സഹേൽ ആപ്പിലൂടെയുള്ള സാധുതയുള്ള എക്സിറ്റ് പെർമിറ്റ് കൈവശം ഉണ്ടായിരിക്കണം.
- പെർമിറ്റ് ഇല്ലാത്തവരെ ചെക്ക് ഇൻ കൗണ്ടറിൽ നിന്ന് പ്രവേശിപ്പിക്കുകയില്ല.
- വിമാന യാത്ര റദ്ദായാലും മുടങ്ങിയാലും എയർലൈൻ ബാധ്യത വഹിക്കില്ല.
എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് എക്സിറ്റ് പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ശരിയായി ഉള്ളതാണോ എന്ന് ഉറപ്പാക്കണം എന്നും ജസീറ എയർവേയ്സ് ആവശ്യപ്പെട്ടു.