വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു
തിരുവനന്തപുരം : സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിനു നേരെ ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞു.
വ്യാഴാഴ്ച രാത്രി 11.25 നാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആള്‍ മതിലിനുള്ളിലേക്ക് സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തിരുവനന്തുപരം കുന്നുകുഴി ഭാഗത്തു നിന്നു ബൈക്കിലെത്തിയയാളാണ് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഇ പി ജയരാജന്‍, പി കെ ശ്രീമതി എന്നിവരുള്‍പ്പടെയുള്ള നേതാക്കള്‍ ഓഫീസിലുണ്ടായിരുന്നു.
ഉഗ്രശബ്ദം കേട്ടുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എകെജി സെന്ററിന്റെ പിന്‍ഭാഗത്തെ റോഡില്‍ നിന്നാണ് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞത്. സ്‌ഫോടനത്തില്‍ മതിലിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപറ്റി.
ബൈക്കിലെത്തിയയാള്‍ വാഹനം വളച്ചു നിര്‍ത്തിയശേഷം പൊടുന്നനെ സ്‌ഫോടക വസ്തു വലിച്ചെറിയുന്നത് ദൃശ്യങ്ങളിലുണ്ട്. എറിഞ്ഞ ശേഷം കുന്നുകുഴി ഭാഗത്തേക്ക് തന്നെ തിരിച്ചു പോയി.
പോലീസ് ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
സ്‌ഫോടനമുണ്ടായ വിവരം അറിഞ്ഞ് നേതാക്കളായ എ വിജയരാഘവന്‍ ,ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും എകെ ജി സെന്ററിലെത്തി. സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് പരിസരത്ത് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.











