ചെന്നൈ : ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാമ്പൻ പാലം തകരാറിൽ. പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനാകുന്നില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്. ഉദ്ഘാടനത്തിനു പിന്നാലെ രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. തുടർന്ന് പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
രാമേശ്വരത്തെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വർഷം പഴക്കമുള്ള പാലമാണ് പുനർനിർമിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ പാലം ഡീകമ്മിഷൻ ചെയ്തു. ഇതേത്തുടർന്നാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കാൻ ആരംഭിച്ചത്. പഴയ പാലത്തിൽ ലിഫ്റ്റ് സ്പാൻ രണ്ടായി വേർപെടുത്തി ഇരുവശത്തേക്കും ഉയർത്തുകയാണ് ചെയ്തിരുന്നതെങ്കിൽ ലിഫ്റ്റ് സ്പാൻ ലംബമായി ഉയർത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. 72.5 മീറ്റർ നീളമുള്ള ലിഫ്റ്റ് സ്പാൻ 5 മിനിറ്റു കൊണ്ട് ഉയർത്താനാകും.
