റിയാദ്: ലോകപ്രശസ്ത ഫുട്ബോൾ താരവും സൗദിയിലെ അൽ ഹിലാൽ ക്ലബ് ടീമംഗവുമായ നെയ്മർ ഇ സ്പോർട്സ് ലോകകപ്പ് സൗഹൃദ മത്സരത്തിന് തയാറെടുക്കുന്നു. ലോകകപ്പിന്റെ മുന്നോടിയായാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഇലക്ട്രോണിക് ഗെയിമുകളുടെ വിവിധ ഏറ്റുമുട്ടലുകളിൽ പങ്കെടുത്ത് പുതിയൊരു അനുഭവത്തിനായി കാത്തിരിക്കുകയാണ് ലോക താരം. ഈ മാസം 20ന് സൗദി സമയം രാത്രി ഒമ്പതിന് റിയാദിലെ ബോളിവാഡ് സിറ്റി അരീനയിലാണ് മത്സരം.
ജനപ്രിയ ഇലക്ട്രോണിക് ഗെയിമുകളിലെ കൗണ്ടർ സ്ട്രൈക്ക് 2, റോക്കറ്റ് ലീഗ്, ടെക്കൻ 8എന്നീ ഇനങ്ങളിലാണ് മത്സരം.. പ്രശസ്ത ബ്രസീലിയൻ ടീമായ ടീം ഫ്യൂറിയയിലെ എലൈറ്റ് ഇ-സ്പോർട്സ് കളിക്കാരുടെ കഴിവുകൾ നെയ്മർ ഉപയോഗിക്കും.
ഈ രംഗത്തെ തദ്ദേശീയ പ്രതിഭകളും കായിക സമൂഹത്തിലെ പ്രശസ്തരും പങ്കെടുക്കുന്ന സൗഹൃദ മത്സരത്തിനായി ഗെയിമുകളുടെയും ഇ-സ്പോർട്സിന്റെയും പ്രേമികൾ കാത്തിരിക്കുകയാണ്. നെയ്മറിന് പുറമെ ആരൊക്കെ മത്സരത്തിൽ പങ്കെടുക്കുമെന്നത് പിന്നീട് പ്രഖ്യാപിക്കും.ഇ-സ്പോർട്സും മറ്റ് സ്പോർട്സും സമന്വയിപ്പിച്ച് സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ഥമായ അനുഭവങ്ങളാണ് സൗഹൃദ മത്സരങ്ങളിലെ നെയ്മറിന്റെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ സി.ഇ.ഒ റാൽഫ് റീച്ചർട്ട് പറഞ്ഞു. അന്താരാഷ്ട്ര ഗെയിമിങ്, ഇ-സ്പോർട്സ് സമൂഹം നെയ്മറിന്റെ പങ്കാളിത്തം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കൗണ്ടർ സ്ട്രൈക്ക് 2 ടൂർണമെന്റിന് ശേഷമുള്ള നെയ്മറിന്റെ ആദ്യ സന്ദർശനമാണിത്. അതിനുശേഷം ആഗോള ഇവന്റിൽ അദ്ദേഹത്തിന് വീണ്ടും ആതിഥേയത്വം നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത്തവണ അതിൽ പങ്കെടുക്കുന്ന ഫുട്ബോൾ ഫീൽഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം എന്നതിൽ സംശയമില്ല.ഇലക്ട്രോണിക് കായിക വേദികളിലെ അദ്ദേഹത്തിന്റെ കഴിവുകൾ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. സൗഹൃദപരവും പ്രദർശനവുമായ ഏറ്റുമുട്ടലുകളുടെ ദൈർഘ്യം രണ്ട് മൂന്ന് മണിക്കൂർ വരെ നീളും. പ്രേക്ഷകർക്ക് രസകരവും ആവേശകരവുമായ അനുഭവം നൽകുന്നതായിരിക്കും.
സെലിബ്രിറ്റികൾ ഒപ്പിട്ട ഉൽപന്നങ്ങൾ സ്വന്തമാക്കാനും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നേടാനുമുള്ള അവസരങ്ങളുമുണ്ടാകും.
നെയ്മറും മറ്റ് താരങ്ങളും പങ്കെടുക്കുന്ന ഏറ്റുമുട്ടലുകൾ ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പിന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ വിവിധ പ്ലാറ്റ്ഫോമുകളിലും ഇ-സ്പോർട്സ് ആഗോള ഇവൻറിന്റെ മാധ്യമ പങ്കാളികൾ വഴിയും തത്സമയം സംപ്രേഷണം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു.
ഗെയിമിങ്, ഇലക്ട്രോണിക് സ്പോർട്സ് മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറായ ഇലക്ട്രോണിക് സ്പോർട്സ് വേൾഡ് കപ്പിന്റെ ആദ്യ പതിപ്പ് ജൂലൈ മൂന്നിനാണ് റിയാദ് ബൊളിവാർഡ് സിറ്റിയിലെ അരീനയിൽ ആരംഭിച്ചത്. മത്സരം ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അത് ലോകശ്രദ്ധ പിടിച്ചു പറ്റി. അന്താരാഷ്ട്ര തലത്തിൽ 500ലധികം ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന 1,500ലധികം കളിക്കാർ പ ങ്കടുക്കുന്ന ടൂർണമെന്റ് ആഗസ്റ്റ് 25ന് അവസാനിക്കും.











