റിയാദ്: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ. ബഹ്റൈൻ, ഗാംബിയ, ജോർദാൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോണിൽ സംസാരിച്ചു.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ഗാംബിയൻ വിദേശകാര്യ മന്ത്രി മാമദൗ ടങ്കാര, ജോർദാൻ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി അയ്മൻ സഫാദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആദി, തുർക്കിഷ് വിദേശകാര്യ മന്ത്രി ഹഖാൻ ഫിദാൻ എന്നിവരുമായാണ് ഫലസ്തീൻ പ്രദേശങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൗദി മന്ത്രി ചർച്ച ചെയ്തത്.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അറബ്-ഇസ്ലാമിക ലോകത്തിന്റെ
പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ തടയുന്നതിനും ശ്രമങ്ങൾ നടത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ശ്രമങ്ങൾ തീവ്രമാക്കേണ്ടതിന്റെ പ്രാധാന്യം സൗദി മന്ത്രി ഊന്നിപ്പറയുകയും ചെയ്തു.











