ദുബായ് : ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ദുബായിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാകുകയും വൈകുകയും ചെയ്തതായി ദുബായ് എയർപോർട്ട്സ് സ്ഥിരീകരിച്ചു. ഈ തീരുമാനം ഇന്ന് പുലർച്ചെയുണ്ടായ അസാധാരണ സാഹചര്യങ്ങളെ തുടർന്നാണ് എടുത്തത്.
യാത്രക്കാർക്കുള്ള നിർദേശങ്ങൾ:
- വിമാന സർവീസുകൾക്ക് വൈകിയേക്കാവുന്ന സാധ്യതയുണ്ടായതിനാൽ യാത്രയ്ക്കുള്ള സമയം മുൻകൂട്ടി കരുതണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
- യാത്രയ്ക്കും റീബുക്കിംഗിനുമായി യാത്രക്കാർ തങ്ങളുടെ എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണം.
- വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപ് റീബുക്കിങ് ഓപ്ഷനുകൾ പരിശോധിക്കണമെന്നും നിർദ്ദേശം.
- പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാൻ എല്ലാ ടെർമിനലുകളിലും ഗെസ്റ്റ് അംബാസഡർ ടീമുകൾ സേവനത്തിനുണ്ടാകും.
ദുബായ് എയർപോർട്ട്സ് എല്ലാ എയർലൈൻങ്ങളും സർവീസ് പങ്കാളികളുമായും ചേർന്ന് ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, പുതിയ അപ്ഡേറ്റുകൾക്കായി യാത്രക്കാർ കാത്തിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.