അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം കടുത്ത പശ്ചാത്തലത്തിൽ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) എമർജൻസി മാനേജ്‌മെന്റ് സെന്റർ സജീവമാക്കിയതായി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി അറിയിച്ചു. മേഖല നേരിടാൻ സാധ്യതയുള്ള ഭീഷണികൾ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇത്.
ആണവ നിലയങ്ങളോട് അടുക്കുന്ന സൈനിക ആക്രമണങ്ങളുടെ പ്രത്യാഘാതം, പരിസ്ഥിതി അപകടങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനക്ഷമത, വിതരണ ശൃംഖലകളിൽ ഇടപെടലുകൾ, ജലപാതകളിലെ സുരക്ഷ, വ്യാപാര-ഊർജപ്രവാഹങ്ങൾ എന്നിവയിൽ സാധ്യതയുള്ള സാമ്പത്തിക ആഘാതങ്ങൾ എന്നിവയെ നേരിടാനാണ് സെന്ററിന്റെ സജീവ പ്രവർത്തനം.
സാങ്കേതിക സൂചകങ്ങൾ ഇപ്പോഴും സുരക്ഷിതമായ പരിധിയിലാണെന്നും, ഗൾഫ് മേഖലയിലെ ഘടകങ്ങൾ മുൻകരുതലുകളോടെ നിരീക്ഷണം തുടരുന്നുവെന്നും അൽബുദൈവി പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പ് സംവിധാനം വഴിയുള്ള കൃത്യമായ കൺട്രോൾ ഉറപ്പാക്കുന്നതിന് അംഗരാജ്യങ്ങളുമായി ഏകോപനം ശക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായ നിരീക്ഷണവും സന്നദ്ധതയും ഉറപ്പാക്കുന്നതിനായി ജാഗ്രത നില തുടരുന്നു. സാങ്കേതിക റിപ്പോർട്ടുകളും പ്രസക്ത വിവരങ്ങളും നിയമിതമായി പുറത്തുവിടുമെന്നും ജിസിസി വ്യക്തമാക്കി.
ഇറാൻ-ഇസ്രയേൽ തമ്മിലുള്ള യുദ്ധസാദ്ധ്യത ഉയരുന്നതിനാൽ, ഗൾഫ് രാജ്യങ്ങൾ സൈനിക നടപടികളെ അപലപിച്ച്, പ്രതിഷേധം രേഖപ്പെടുത്തി. എല്ലാ കക്ഷികളോടും സമാധാനപരമായ സമീപനം സ്വീകരിക്കുകയും സൈനിക ഇടപെടലുകളിൽ നിന്ന് പിന്തിരിയുകയും ചെയ്യണമെന്ന് ജിസിസി ആഹ്വാനം ചെയ്തു.