കുവൈത്ത് സിറ്റി/മനാമ : ഇറാന്റെ ആണവ നിലയങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്നു ഗൾഫ് മേഖലയിലെ അതീവ ജാഗ്രതാ സാഹചര്യം ശക്തമാകുന്നു. അമേരിക്കയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്ന കുവൈത്തും ബഹ്റൈനും ഏതെങ്കിലും അടിയന്തര സാഹചര്യമേൽക്കാനായി കർശന ഒരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
ഇറാന്റെ മുന്നറിയിപ്പ് പ്രകാരം, അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി പ്രതികരണ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്ക മേഖലയിലെ സുരക്ഷാ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. അതിർത്തികൾക്ക് അകത്തേക്ക് യുദ്ധം വ്യാപിക്കുന്ന സാധ്യതയും കണക്കിലെടുത്ത്, ഇരു രാജ്യങ്ങളും സുരക്ഷാ സംവിധാനങ്ങൾ പൂർണമായി സജീവമാക്കിയതായി അധികൃതർ അറിയിച്ചു.
ബഹ്റൈനിലെ യുഎസ് നേവിയുടെ 5-ാം ഫ്ളീറ്റ് ആസ്ഥാനം ഉൾപ്പെടെ നിരവധി പ്രധാന താവളങ്ങൾ ഉണ്ട്. കുവൈത്തിലും ഒന്നിലധികം യുഎസ് സൈനിക കാമ്പുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ, കുവൈത്തിലെ സർക്കാർ ഓഫീസുകൾക്ക് സമീപം അടിയന്തര ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ട്. സൈനിക വിഭാഗം അടിയന്തരാവസ്ഥയുമായി നേരിടാൻ പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബഹ്റൈനിൽ സർക്കാർ ജീവനക്കാരിൽ 70 ശതമാനം പേർക്കും ‘വർക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡുകൾ പരമാവധി ഒഴിവാക്കാൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്. 33 അടിയന്തര ഷെൽട്ടറുകൾ രാജ്യത്താകമാനെ സജ്ജീകരിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
ജനസുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും വൈവിധ്യമാർന്ന ദേശീയ അടിയന്തര പദ്ധതി രൂപവത്കരിച്ചിട്ടുണ്ട്.