131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തതായി ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുതാല്‍പര്യ ഹരജി നല്‍കിയത്
കൊച്ചി: വോട്ടര്‍ പട്ടികയിലെ വ്യാജ വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി.
131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പര്യ ഹരജി നല്‍കി യത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കമാണിതെന്ന് ഹരജിയില്‍ പറയുന്നു.
സ്ഥിതി അതീവ ഗുരുതരമാണെന്നും ചെന്നിത്തല കോടതിയെ അറിയിച്ചു. അഞ്ച് വോട്ടുകള്‍ വരെ ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കി യിട്ടുണ്ടെന്നും ഗുരുതര പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും.വ്യാജ വോട്ടിനെ തിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് സി.ടി.രവികുമാറാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്റ്റിസിന്റെ അഭാവത്തിലും ഹര്‍ജി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ടി. ആസിഫലി ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.