ദോഹ: പഠന മേഖലയിലെ സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബർ 19ന് ‘വിദൂര വിദ്യാഭ്യാസ ദിനമായി’ പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഇതുപ്രകാരം രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും ചൊവ്വാഴ്ചയിലെ ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കും.അധ്യാപനവും പഠനവും വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദേശം നടപ്പാക്കുന്നത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുകയും പുതിയ കാലത്തെ ഇ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
215 സർക്കാർ സ്കൂളുകളിലാണ് വിദൂരവിദ്യാഭ്യാസ ദിനം ഇന്ന് നടപ്പാക്കുന്നത്. വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാതെ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകളിൽ പങ്കെടുക്കാം. അധ്യാപകരും ഇതുവഴിതന്നെ കുട്ടികൾക്ക് ക്ലാസെടുക്കും. അതേസമയം, കിന്റർഗാർട്ടൻ വിഭാഗത്തിൽ നേരിട്ടുള്ള ക്ലാസുകൾക്ക് ഇത് ബാധകമാകില്ലെന്ന് മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. തത്സമയ വിദൂര ക്ലാസുകളിൽ ഹാജർ നില ഉറപ്പുവരുത്താൻ ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച്, പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കുള്ള തത്സമയ ഓൺലൈൻ ക്ലാസുകൾ രാവിലെ 7.10നും മിഡിൽ, സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ രാവിലെ 8 മണിക്കും ആരംഭിക്കും. ഇതനുസരിച്ച്, പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കുള്ള തത്സമയ ഓൺലൈൻ ക്ലാസുകൾ രാവിലെ 7.10നും മിഡിൽ, സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ രാവിലെ 8 മണിക്കും ആരംഭിക്കും. ഖത്തർ എജുക്കേഷൻ സിസ്റ്റം, മൈക്രോസോഫ്റ്റ് ടീം എന്നീ പ്രോഗ്രാമുകൾ വഴിയാണ് ഓൺലൈൻ ക്ലാസുകൾ നൽകുന്നത്. അടിയന്തര ഘട്ടങ്ങളിലെ സേവനങ്ങൾക്കായി 155 എന്ന ഹോട്ട് ലൈൻ നമ്പറും അധികൃതർ ഒരുക്കിയിട്ടുണ്ട്.
