തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. എ.ഡി.ജി.പി. അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും മുഖ്യമന്ത്രിയുടെ രാജി ആവശ്യവും നിലമ്പൂർ എം.എൽ.എ. പി.വി അൻവർ ഉയർത്തിയ ആരോപണങ്ങൾ, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി.ആർ. വിവാദം, തൃശൂർ പൂരം കലക്കൽ, ആരോപിക്കപ്പെടുന്ന സി.പി.എം-ആർ.എസ്.എസ് ബന്ധം തുടങ്ങിയ വിഷയങ്ങളാവും സഭാ സമ്മേളനത്തിന് തീപിടിപ്പിക്കുക. ഈ വിഷയങ്ങളെല്ലാം ഇന്ന് ചർച്ചയ്ക്കെത്തുമെന്നാണ് കരുതുന്നത്. ഈ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് തിങ്കളാഴ്ച അവതരണാനുമതി തേടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഏഴു ദിവസമാണ് സഭാസമ്മേളനം തുടരുക.
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുന്നതാണ് സി.പി.എം. പാളയത്തിലെ പ്രധാന പോരാളിയായിരുന്ന പി.വി. അന്‍വർ എം.എൽ.എയുടെ വെളിപ്പെടുത്തല്‍ എന്നതാണ് പ്രതിപക്ഷ നിലപാട്. പുറത്ത് സി.പി.എമ്മിനെതിരേ അഭിപ്രായപ്രകടനം നടത്തുന്ന സി.പി.ഐ. സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയണം. എന്‍.സി.പി.യിലെ തോമസ് കെ. തോമസ് മുഖ്യമന്ത്രിക്കെതിരേ പരസ്യനിലപാട് സ്വീകരിച്ചതും ചര്‍ച്ചയാകാനുള്ള സാധ്യതയുണ്ട്.
പ്രതിപക്ഷത്തിന്റെ ആക്രമണം മുൻകൂട്ടി കണ്ടാണ് എ.ഡി.ജിപിയുടെ വിഷയത്തിൽ സർക്കാർ ഞായറാഴ്ച തന്നെ തീരുമാനമെടുത്തതെന്ന് വ്യക്തമാണ്. അജിത്കുമാറിന്റെ സ്ഥാനമാറ്റത്തിൽ അവകാശവാദവുമായി ഇപ്പോൾ തന്നെ മുന്നിണിയിലെ പ്രധാന ഘടകക്ഷിയായ സി.പി.ഐയും കോൺഗ്രസും രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
