റിയാദ്: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്നുള്ള ഇന്ത്യൻ സൈനിക ഓപ്പറേഷൻ ‘സിന്ദൂർ’ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാനും, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വിശദീകരിക്കാനും റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം, വിവിധ തലത്തിലുള്ള സൗദി അധികൃതരുമായി പരസ്പര സഹകരണത്തെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തി.
സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറും, ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ അൽ സുലമിയും, സൗദി-ഇന്ത്യ സൗഹൃദ സമിതി ചെയർമാൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബിയും ഉള്‍പ്പെടെയുള്ള പ്രതിനിധികളുമായി ഔപചാരിക കൂടിക്കാഴ്ചകള്‍ നടന്നു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന ശക്തമായ നിലപാടിനെ സംഘാംഗങ്ങൾ പ്രശംസിച്ചു.
ബുധനാഴ്ച രാവിലെ റിയാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ സംഘം പുഷ്പാർച്ചന നടത്തി. സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാനുമായി സംഘം കൂടിക്കാഴ്ച നടത്തിയതോടൊപ്പം, സൗദി ഭരണകൂടത്തിലെ പ്രമുഖ വ്യക്തികളുമായി അഭിപ്രായവിനിമയവും നടത്തി.
ഇന്ന് (വ്യാഴം) വിവിധ മേഖലകളിൽ നിന്നുള്ള ഉന്നത പ്രതിനിധികളുമായും സ്ഥാപനങ്ങളുമായും ചർച്ചകൾ തുടരുമെന്ന് സംഘാംഗങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 3 മുതൽ 4.30 വരെ ഇന്ത്യൻ എംബസിയിലെ മൾട്ടിപർപ്പസ് ഹാളിൽ പ്രവാസി ഭാരതീയരും മാധ്യമപ്രവർത്തകരുമായും സംവദിക്കുന്ന മുഖാമുഖം പരിപാടിയോടെ റിയാദിലെ ദൗത്യം സമാപിക്കും.
ചൊവ്വാഴ്ച രാത്രിയിൽ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഏഴംഗ സംഘത്തെ, ശൂറ കൗൺസിലിലെ സൗദി-ഇന്ത്യ സൗഹൃദ സമിതി അധ്യക്ഷൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബി, ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് എന്നിവർ ചേർന്ന് ഔപചാരികമായി സ്വീകരിച്ചു.
ആദ്യ ഘട്ടത്തിൽ ബഹ്റൈൻ, കുവൈത്ത്, സൗദി, അൾജീരിയ എന്നിവിടങ്ങളിലേക്ക് നിയോഗിക്കപ്പെട്ട എട്ടംഗ സംഘത്തിൽ നിന്നും, കുവൈത്തിൽ അസുഖബാധിതനായ മുൻകേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ദൗത്യത്തിൽ നിന്ന് ഒഴിഞ്ഞിരുന്നു.
ബിജെപി എം പി ബൈജയന്ത് ജയ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. നിഷികാന്ത് ദുബെ (ബിജെപി), ഫാങ്‌നോൺ കൊന്യാക് (ബിജെപി), രേഖ ശർമ (ബിജെപി), അസദുദ്ദീൻ ഉവൈസി (AIMIM), സത്നാം സിംഗ് സന്ധു, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല എന്നിവർ ഉൾപ്പെടുന്നു.
റിയാദിലെ ദൗത്യം പൂർത്തിയാക്കിയ ശേഷം സംഘം വെള്ളിയാഴ്ച അൾജീരിയയിലേക്ക് പുറപ്പെടും.











