മസ്കത്ത്: പാഠപുസ്തക വിതരണമടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പൊതുവിലും, മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പ്രത്യേകമായും നേരിടുന്ന അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചർച്ചയിൽ രക്ഷിതാക്കൾ ഉന്നയിച്ചു.
സ്കൂൾ അധ്യയന വർഷം പകുതിയായിട്ടും ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. സമാന വിഷയം ഉന്നയിച്ച് രക്ഷിതാക്കൾ നേരത്തേ ഇന്ത്യൻ അംബാസഡറെയും സ്കൂൾ ഡയറക്ടർ ബോർഡിനെയും പല തവണ സമീപിച്ചിരുന്നു. എന്നാൽ അധ്യയന വർഷം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തക വിതരണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണ നടപടികൾ വേഗത്തിലാക്കണമെന്നും പുസ്തക വിതരണത്തിന് ചുമതലപ്പെടുത്തിയ ഏജൻസിയുടെ കുറ്റകരമായ വീഴ്ചക്കെതിരെ സ്കൂൾ ഡയറക്ടർ ബോർഡ് എന്ത് നിയമ നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു അനുബന്ധ സാമഗ്രികളും സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ സ്കൂൾ ഡയറക്ടർ ബോർഡും മാനേജ്മെൻറും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
മസ്കത്ത് ഇന്ത്യൻ സ്കൂൾ മാനേജ്മന്റ് കമ്മിറ്റി (എസ്.എം.സി ) പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൺവീനർ സ്ഥാനങ്ങൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. സ്കൂളിന്റെ നയപരവും, സാമ്പത്തികവും, ഭരണ പരവുമായ കാര്യങ്ങളിൽ സുപ്രധാന തീരുമാനം എടുക്കാൻ ചുമതലപ്പെട്ട എസ്.എം.സി യുടെ നേതൃസ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും വിദ്യാർഥികളുടെ ഭാവിയെ യും സാരമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഐ.എസ്.എമ്മിൽ വിദ്യാർഥികളിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ ഫീസ് ഈടാക്കുന്നതിനെതിരെയും രക്ഷിതാക്കൾ പരാതി ഉന്നയിച്ചു. ഇത് നിർബന്ധ പിരിവാകില്ലെന്ന് മുൻപ് നടന്ന ഓപൺ ഫോറത്തിൽ ചെയർമാൻ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
നിർബന്ധപൂർവം ഇൻഫ്രാസ്ട്രക്ചർ ഫീസ് പിരിക്കുന്നതായും നൽകാത്ത രക്ഷിതാക്കളുടെ കോഷൻ ഡെപോസിറ്റിൽ നിന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് തിരിച്ചു പിടിക്കുന്നതായുമുള്ള പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. തികച്ചും വിദ്യാർഥി വിരുദ്ധ നടപടിയുമായി മുൻപോട്ടു പോകുന്ന എസ്.എം.സി നടപടി അംഗീക രിക്കാനാവില്ലെന്ന് ചെയർമാനെ അറിയിച്ചു.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ ഓപൺഫോറം വിളിച്ചു ചേർക്കാത്ത സ്കൂൾ മാനേജ്മെന്റ് നടപടിയേയും രക്ഷിതാക്കൾ വിമർശിച്ചു. സ്കൂൾ നിയമാവലി പ്രകാരം ഓപൺ ഫോറങ്ങൾ പതിവായി വിളിക്കുമെന്ന് രക്ഷിതാക്കൾക്ക് ബോർഡ് ചെയർമാൻ മുമ്പ് നടന്ന ചർച്ചയിൽ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ, മറ്റു സ്കൂളുകളിൽ ഓപൺ ഫോറം നടന്നിട്ടും ഐ.എസ്.എം മാനേജ്മെന്റ് കമ്മിറ്റി ഇതിന് തയാറായിട്ടില്ല.
ഉന്നയിച്ച പരാതികൾ അത്യന്തം ഗൗരവമായാണ് കാണുന്നതെന്നും പ്രശ്ങ്ങൾ പരിഹരിക്കാൻ ബോർഡ് അടിയന്തിരമായി ഇടപെടുമെന്നും ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.
ഇന്ത്യൻ സ്കൂളുകൾ നേരിടുന്ന വിഷയങ്ങളിൽ തങ്ങൾ നടത്തിവരുന്ന ഇടപെടലുകളുടെ തുടർച്ചയായാണ് ചെയർമാന് വീണ്ടും നിവേദനം നൽകിയതെന്നും പ്രശ്ങ്ങൾക്ക് പരിഹാരം ഉണ്ടാകും വരെ വിദ്യാർഥി പക്ഷത്തു നിന്നുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ ദിനേശ് ബാബു, വരുൺ ഹരിപ്രസാദ്, ഗണേഷ്, സുരേഷ് കുമാർ, ജാൻസ് അലക്സ്, ബിനോജ്, അർനോൾഡ്, പ്രമോദ്, വി.എം. അരുൺ, നിസാർ, ബിനു കേശവൻ എന്നിവർ പറഞ്ഞു.











