ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി 22, 23 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇക്കുറി സ്വകാര്യ ഹജ് ഓപ്പറേറ്റർമാരുടെ വീഴ്ച കൊണ്ടാണ് അരലക്ഷത്തിലേറെ ഹജ് സ്ലോട്ടുകൾ നഷ്ടമായതെന്നും സൗദി സർക്കാരുമായി നടത്തിയ ചർച്ചകളിൽ 10,000 പേരുടെ ക്വോട്ട പുനഃസ്ഥാപിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ഇക്കുറി 1.75 ലക്ഷമാണ് ഇന്ത്യയ്ക്ക് അനുവദിച്ച ഹജ് ക്വോട്ട. ഇതിൽ 1.22 ലക്ഷമാണ് ഹജ് കമ്മിറ്റി വഴിയുള്ള ക്വോട്ട. ബാക്കി സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കായി മാറ്റിവച്ചു. എന്നാൽ സൗദി സർക്കാർ നിഷ്കർഷിച്ച സമയക്രമം പാലിക്കുന്നതിൽ ഓപ്പറേറ്റർമാർ പരാജയപ്പെട്ടെന്ന് മിശ്രി പറഞ്ഞു. പല തവണ ഓർമിപ്പിച്ചിട്ടും മിനയിലെ ക്യാംപുകൾ, താമസം, ഗതാഗതം എന്നിവ സംബന്ധിച്ച കരാറുകളിൽ എത്താനും ഇവർക്കു കഴിഞ്ഞില്ല.
സമയപരിധി നീട്ടിനൽകില്ലെന്നു സൗദി അറിയിച്ചു. തുടർന്നു കേന്ദ്രസർക്കാരിന്റെ ഇടപെടലിലാണു പോർട്ടൽ വീണ്ടും തുറക്കാൻ സൗദി തയാറായത്. മിനയിലെ സ്ഥലലഭ്യത അനുസരിച്ച് 10,000 പേരെ ഉൾക്കൊള്ളിക്കാമെന്നാണു ധാരണയെന്നും മിശ്രി പറഞ്ഞു. വ്യാപാരരംഗത്തുൾപ്പെടെ സൗദിയുടെ കൂടുതൽ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നു. മുഹമ്മദ് ബിൻ സൽമാൻ 2023 ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 6 വർഷത്തിനുശേഷമാണു മോദിയുടെ സൗദിസന്ദർശനം.
