മനാമ: ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷികവും അന്താരാഷ്ട്ര അഹിംസ ദിനവും ആചരിച്ചു. ചടങ്ങിൽ എം.പിമാരായ അബ്ദുല്ല ഖലീഫ അൽ റൊമൈഹി, മുഹമ്മദ് ഹുസൈൻ ജനാഹി, ഹസൻ ഈദ് ബുഖമ്മസ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അംബാസഡറും എംബസി ഉദ്യോഗസ്ഥരും രാഷ്ട്രപിതാവിന് പുഷ്പങ്ങൾ അർപ്പിച്ചു. അംബാസഡർ അറബിയിലും ഇംഗ്ലീഷിലും സ്വാഗതപ്രസംഗം നടത്തി. ഗാന്ധിയൻ ചിന്തയെക്കുറിച്ചും പതിറ്റാണ്ടുകളായി അത് ആഗോളതലത്തിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചും എം.പിമാർ അവരുടെ ചിന്തകൾ പങ്കുവെച്ചു. അറബ് ലോകത്ത് ഗാന്ധിജി വഹിച്ച പങ്കിനെ കുറിച്ചും എം.പിമാർ ചൂണ്ടിക്കാട്ടി.
2007 മുതൽ, ഒക്ടോബർ രണ്ട് അന്താരാഷ്ട്രതലത്തിൽ അഹിംസ ദിനമായി ആചരിക്കുകയാണ്. ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ജീവിതം ചിത്രീകരിക്കുന്ന ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ശുചിത്വപരിപാടിയുടെ ഭാഗമായി ‘സ്വച്ഛതാ ഹി സേവ’ കാമ്പയിനും നടന്നു.











