റാസൽഖൈമ : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്താൻ രൂപപ്പെടുത്തുന്ന പുതിയ അവസരങ്ങളെക്കുറിച്ച് കേന്ദ്ര സ്റ്റീൽ, ഘന വ്യവസായമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും ചർച്ച നടത്തി. സന്ദർശനത്തിന്റെ ഭാഗമായി സഖർ ബിൻ മുഹമ്മദ് നഗരത്തിലെ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രിയെയും സംഘത്തെയും ഷെയ്ഖ് സൗദ് ഉഷ്മളമായി സ്വീകരിച്ചത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് സാമ്പത്തിക-വ്യാപാര മേഖലയിൽ, ഇപ്പോഴും വളർച്ചയിലാണെന്നും ഭാവിയിൽ കൂടുതൽ സംയുക്ത പദ്ധതികൾക്ക് സാധ്യതയുണ്ടെന്നും ഇരുപാർട്ടികളും അഭിപ്രായപ്പെട്ടു. സ്റ്റീൽ, ഘന വ്യവസായ മേഖലകളിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സഹകരണ സാധ്യതകളും യോഗത്തിൽ വിശദമായി ചർച്ചയായി.
സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർന്ന് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും വ്യവസായ സംരംഭങ്ങൾക്ക് പരസ്പര പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഷെയ്ഖ് സൗദ് ആവർത്തിച്ചു.
റാസൽഖൈമയുടെ വ്യവസായ, നിക്ഷേപ, ടൂറിസം മേഖലകളിലെ വളർച്ച ഇന്ത്യയ്ക്കും അനുകൂലമാകുമെന്ന് ഹരദേവ കുമാരസ്വാമി പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സഞ്ജയ് സുധീർ, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവരും കൂടിക്കാഴ്ചയ്ക്കിടെ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.