മനാമ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് ബഹ്റൈൻ. സംഘർഷം നിരവധിപേർക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതൽ സംഘർഷം ഒഴിവാക്കണം. പ്രതിസന്ധി പരിഹരിക്കുന്നതിൽ ചർച്ചകളുടെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
രണ്ട് ആണവശക്തികളായ ഇന്ത്യയും പാകിസ്താനും രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഗുരുതരമായ സൈനിക ആക്രമണത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. ആക്രമണത്തിൽ 26 പാകിസ്താനികളും 12 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. പാകിസ്താൻ അനുകൂല ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ ആരോപണം. പ്രതിസന്ധി പരിഹരിക്കുന്നതിനായി ലോകത്തിലെ വിവിധ രാജ്യങ്ങൾ മധ്യസ്ഥതവഹിക്കാമെന്ന ആഹ്വാനവും സംയമനം പാലിക്കണമെന്ന നിർദേശവും നൽകിയിരുന്നു.
നല്ല അയൽപക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്ര സഭയുടെ ചാർട്ടർ എന്നിവയുടെ തത്ത്വങ്ങൾക്കനുസൃതമായി സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽനിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിർത്താനും ശ്രമിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.