മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തില്‍ വേരൂന്നിയതാണെന്നും, ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെയും പിന്തുണയോടെ വിവിധ മേഖലകളിലുടനീളം ബന്ധം വളര്‍ത്തിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതക്ക് ഡോ. ജയ്ശങ്കര് ബഹ്റൈനെ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ഉയര്‍ത്തിക്കാട്ടി. ബഹ്റൈന്റെ വികസനത്തിനും വളര്‍ച്ചക്കും ഇന്ത്യന്‍ സമൂഹം നല്കുന്ന സുപ്രധാന സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.












