സുധീര്‍നാഥ്
കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുന്നതില്‍ ഇടപ്പള്ളി സംഭവം ഒരു പ്രധാന കാരണമായി എന്നാണ് രാഷ്ട്രീയ പഠനം വ്യക്തമാക്കുന്നത്. പോലീസ് നടത്തിയ നരനായാട്ടിന് ഇരയായവരെല്ലാം പിന്നീട് കമ്മ്യൂണിസ്റ്റുകാരായി മാറി എന്നതാണ് ചരിത്രം.
ത്യക്കാക്കരയുമായി അടുത്തു കിടക്കുന്ന പ്രദേശമാണ് ഇടപ്പള്ളി. ഇതിന് നേത്യത്ത്വം കൊടുത്ത കെ സി മാത്യു ത്യക്കാക്കരയിലെ ഉണിച്ചിറയിലാണ് താമസിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നിരോധിച്ച കാലമായിരുന്നു ഈ സംഭവം നടന്നത്. കൊല്‍ക്കത്ത തീസീസിലൂടെ സായുധ വിപ്ലവത്തെ പാര്‍ട്ടി അംഗീകരിച്ച കാലമായിരുന്നു അത്. എന്നാല്‍ പിന്നീട് ഇതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ തള്ളികളഞ്ഞു. 1950 മാര്‍ച്ച് 9 ന് രാജ്യവ്യാപകമായി റെയില്‍വേ പണിമുടക്ക് നടത്താന്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി രണദിവെ ആഹ്വാനം നടത്തി. നിലവിലുള്ള ഭരണസംവിധാനത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അങ്ങിനെ ഒരു സമരം പ്രഖ്യാപിച്ചത്. തീവണ്ടി ഗതാഗതം സ്തംഭിപ്പിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. പോലീസിന്‍റെ നോട്ടപുള്ളികളായ കമ്മ്യൂണിസ്റ്റുകാരായ എന്‍ കെ മാധവനേയും, വറീതു കുട്ടിയേയും പോലീസ് ഇടപ്പള്ളി ഭാഗത്തുള്ള റെയില്‍വേ പാളത്തിലൂടെ ഓടിച്ചിട്ട് ഉച്ച സമയത്ത് പിടിക്കുകയും, പിന്നീട് അറസ്റ്റും ചെയ്തു. ഇതാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം നടക്കാനുള്ള പ്രധാന കാരണം.
ഈ സംഭവം നടന്ന ഫെബ്രുവരി 27 ന് വൈകീട്ട് പോണേക്കരയില്‍ (ഇപ്പോള്‍ അമ്യത ആശുപത്രിയുടെ ഹോസ്റ്റല്‍ പണിത ഭാഗത്ത്) ഇല്ലി കാടിനുള്ളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ യോഗം നടന്നു. യോഗം തുടങ്ങും മുന്‍പ് സഖാക്കളായ എന്‍ കെ മാധവനേയും, വറീതു കുട്ടിയേയും ഇടപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തെന്നും, സ്റ്റേഷനില്‍ അവരെ പോലീസുകാര്‍ ഭീകരമായി മര്‍ദ്ദിച്ചതായും, അതില്‍ ഒരാള്‍ മരണപ്പെട്ടെന്ന് കേള്‍ക്കുന്നതായും കെ സി മാത്യു അറിയിച്ചു. (ത്യക്കാക്കര ഉണിച്ചിറയില്‍ താമസിച്ചിരുന്ന അദ്ദേഹം 2016 മെയ് മാസമാണ് അന്തരിച്ചത്.) സ്റ്റേഷന്‍ ആക്രമിച്ച് ഏത് വിധേനയും ജീവനോടുള്ള സഖാവിനെ രക്ഷിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. കെ.സി.മാത്യു ആയിരുന്നു ഈ നിര്‍ദ്ദേശം വെച്ചത്. കെ.സി.മാത്യുവിന്‍റെ നേത്യത്ത്വത്തില്‍ കെ.യു.ദാസ്, കെ.എ.ഏബ്രഹാം, മഞ്ഞുമ്മല്‍ കൃഷ്ണന്‍കുട്ടി, ഒ.രാഘവന്‍, എം.എ.അരവിന്ദാക്ഷന്‍, വി.സി.ചാഞ്ചന്‍, വി.പി.സുരേന്ദ്രന്‍, വി.കെ.സുഗുണന്‍, കുഞ്ഞന്‍ ബാവ (കുഞ്ഞുമോന്‍), ടി.ടി.മാധവന്‍, എസ്.ശിവശങ്കരപ്പിള്ള (ഇടപ്പള്ളി ശിവന്‍), സി.എന്‍.കൃഷ്ണന്‍, എം.എം. ലോറന്‍സ്, വി.വിശ്വനാഥമേനോന്‍, കുഞ്ഞപ്പന്‍, കൃഷ്ണപിള്ള എന്നിവരടങ്ങുന്ന പതിനേഴു പേരുള്ള സംഘം യോഗ ശേഷം തങ്ങളുടെ പ്രിയപ്പെട്ട സഖാക്കളെ പോലീസ് പിടിയില്‍ നിന്ന് രക്ഷിക്കാന്‍ പുറപ്പെട്ടു.
ഫെബ്രുവരി 27ന് രാത്രി പത്ത് മണിയോടെ 17 അംഗ സംഘം, നിശബ്ദ ജാഥയായി പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. ഇടപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി അപ്പോള്‍ കഥകളി നടക്കുന്നുണ്ടായിരുന്നു. ഫെബ്രുവരി 28ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് സഖാക്കളെ രക്ഷിക്കാന്‍ തീരുമാനിച്ചത്. പതിനഞ്ച് മിനിറ്റ് കൊണ്ട് എല്ലാം അവസാനിപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. രണ്ടു വാക്കത്തി, കുറച്ചു വടികള്‍, രണ്ട് ഏറ് പടക്കം എന്നിവയായിരുന്നു ഈ ദൗത്യത്തിനായി ഇവരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങള്‍. മഴയുള്ള രാത്രിയായിരുന്നു. നനഞ്ഞത് കൊണ്ടാകും, ഏറ് പടക്കം സ്റ്റേഷനു നേരെ എറിഞ്ഞുവെങ്കിലും, അത് പൊട്ടിയില്ല. തുടര്‍ന്നു നടന്ന ആക്രമണത്തില്‍ മാത്യു, വേലായുധന്‍ എന്നീ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് ജയില്‍ മുറിയിലായ രണ്ട് സഖാക്കളും ജീവനോടെ ഇരിക്കുന്നത് ആക്രമണത്തിനിടെയാണ് കണ്ടത്. ജയില്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. പ്രതികളെ മോചിപ്പിക്കുക എന്ന ലക്ഷ്യം അതുകൊണ്ട് നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കൃഷ്ണപിള്ള എന്ന പോലീസുകാരന്‍ അന്നേ ദിവസം ലോക്കപ്പിന്‍റെ താക്കോല്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉറങ്ങാന്‍ പോയപ്പോള്‍ കൊണ്ട് പോയതാണ് പ്രശ്നമായത്. പകരം, സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് തോക്കുകള്‍ ഇവര്‍ കൈവശപ്പെടുത്തി.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ നേതാക്കള്‍ ഓരോരുത്തരായി പോലീസ് പിടിയിലായി. സുരക്ഷിതമായ ഒളി താവളം ലഭിക്കാത്തതിനെ തുടര്‍ന്ന് തോക്കുകള്‍ കലൂരിലെ ഒരു കുളത്തില്‍ ഉപേക്ഷിച്ചെങ്കിലും, പിറ്റേന്ന് അത് വീട്ടുടമ പോലീസില്‍ ഏല്‍പ്പിച്ചു. ഏറ്റവും രസകരമായ കാര്യം, പിന്നീട് കെ സി മാത്യൂസിനേയും, എം എം ലോറന്‍സിനേയും കുളത്തിന് സമീപം കൊണ്ടു വന്ന് തോക്ക് കണ്ടെടുത്തതായി രേഖയുണ്ടാക്കി. 1952ല്‍ കേസിന്‍റെ വിചാരണ തുടങ്ങി. പങ്കെടുത്ത പതിനേഴ് പേരില്‍ പത്ത് പേര്‍ പിടിയിലായി. പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കാളിയല്ലെങ്കിലും എന്‍ കെ മാധവനേയും, വറീതു കുട്ടിയേയും പ്രതികളാക്കി. 17 പേരായിരുന്നു ആക്രമണത്തിനു പിന്നിലെങ്കിലും 33 പേര്‍ പ്രതിചേര്‍ക്കപ്പെട്ടു. ഇതില്‍ കെ.യു ദാസ്, ജോസഫ് എന്നിവര്‍ ആലുവ പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് മരിച്ചു. മൃതദേഹം കുടുംബാംഗങ്ങളെ പോലും കാണിക്കാതെ പോലീസ് തന്നെ മറവ് ചെയ്യുകയായിരുന്നു. എന്‍ കെ മാധവന്‍ 30ാം നമ്പര്‍ പ്രതിയും, വറീത് കുട്ടി 31ാം നമ്പര്‍ പ്രതിയുമായിരുന്നു.
ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രധാനികളെ പരസ്യമായി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിക്കുന്നത് അക്കാലത്ത് പതിവായിരുന്നു. ഇടപ്പള്ളി പള്ളി പെരുന്നാളിന്‍റെ ഭാഗമായ എഴുന്നള്ളിപ്പിനൊപ്പം, ജനങ്ങള്‍ക്കിടയിലൂടെ ഇടപ്പള്ളി പ്രതികളെ മര്‍ദ്ദിച്ചു കൊണ്ടുള്ള പോലീസുകാരുടെ ഘോഷയാത്ര നടന്നിരുന്നു. അന്ന് ഇത്തരം മര്‍ദ്ദനങ്ങള്‍ക്ക് നേത്യത്ത്വം നല്‍കാന്‍ പല സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ പേര് സത്യനേശന്‍ നാടാര്‍ എന്നായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് രാജിവെച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് പോലീസില്‍ ഇന്‍സ്പെക്റ്ററായ സത്യനേശന്‍ നാടാര്‍ പില്‍ക്കാലത്ത് പ്രശസ്ത നടനായി മാറിയ സത്യനായിരുന്നു. നിരൂപകന്‍ കെ പി അപ്പനെ ഉദ്ധരിച്ച് കേരള കൗമുദിയിലാണ് (15 ജൂണ്‍ 2020 ഓണ്‍ ലൈന്‍) ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ എഴുതിയിട്ടുള്ളത്.
ഈ സംഭവ കഥ പയ്യപ്പിള്ളി ബാലന്‍ നോവലാക്കി. ആലുവാപ്പുഴ പിന്നേയും ഒഴുകി എന്നായിരുന്നു നോവലിന്‍റെ പേര്. ആക്രമണത്തില്‍ പങ്കെടുക്കാതെ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ പയ്യപ്പിള്ളി ബാലനും ഉണ്ടായിരുന്നു. ഒരു കാലത്തിന്‍റെ രാഷ്ട്രീയം പറയുന്ന നോവല്‍ ഏറെ വായിക്കപ്പെട്ടു. കാഥികന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ കഥാപ്രസംഗം അവതരിപ്പിച്ചത് ഇതേ പേരില്‍ തന്നെ. സഹീര്‍ അലി ഇതേ പേരില്‍ നാടകം സംവിധാനം ചെയ്തു. അതില്‍ അഭിനയിച്ച മണികണ്ഠന്‍ കമ്മട്ടിപാടത്തിലൂടെ ചലചിത്ര താരമായി

















