ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചെളിവാരി എറിയുന്ന പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത്. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്നും അദ്ദേഹം പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ അറിയിച്ചു. മാധ്യമങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ചാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
വ്യക്തിപരമായി ഏറെ നിന്ദ്യമായ ആരോപണമാണ് ബംഗാളി നടിയായ ശ്രീലേഖ മിത്ര നടത്തിയിരിക്കുന്നത്. ചലിച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ ഒരുസംഘം ആളുകൾ നടത്തുന്ന നാളുകളുടെ അധ്വാനമാണ് ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിൽ എനിക്കുണ്ടായിരിക്കുന്ന ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല. എന്നാൽ, ഈ വെളിപ്പെടുത്തൽ തെറ്റായിരുന്നുവെന്ന് പൊതുസമൂഹത്തെ ബോധിപ്പെടുത്തിയേ മതിയാകൂവെന്നാണ് രഞ്ജിത് പറയുന്നത്.
പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് അവർ നടത്തിയിരിക്കുന്നത്. അതിൽ ഒരുഭാഗം തെറ്റാണെന്ന് എനിക്ക് തെളിയിച്ചേ മതിയാകൂ. വെളിപ്പെടുത്തലിന്റെ വിശദാംശത്തിലേക്ക് ഞാൻ കടക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ഞാൻ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ സത്യമെന്താണെന്ന് ലോകത്തിനെ അറിയിച്ചേ മതിയാകൂ. ഇത് എന്റെ സുഹൃത്തുകളുമായും വക്കീൽ ഓഫീസുമായി ബന്ധപ്പെട്ട് തീരുമാനിച്ച് കഴിഞ്ഞു.
ഇതിനുപുറമെ, കേരള സർക്കാരിനെതിരേയും സി.പി.എം എന്ന പാർട്ടിക്കെതിരേയും വലതുപക്ഷ രാഷ്ട്രീയ നിലപാട് ഉള്ളവരും അവർക്ക് മുന്നിൽ പോർമുഖത്ത് എന്ന പോലെ നിൽക്കുന്ന മാധ്യമപ്രവർത്തകരും സംഘടിതമായി സർക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളിൽ ഒന്ന് എന്റെ പേരുമായി ബന്ധപ്പെട്ടതാണെന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെ മാധ്യമങ്ങളും ഇവിടെ ചിലരും നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ എന്ന ഒരു വ്യക്തി കാരണം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും ഉണ്ടാവില്ല.
ഈ സാഹചര്യത്തിൽ സർക്കാർ നൽകിയിട്ടുള്ള ഒരു ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നത് കൊണ്ട്, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടതെന്ന ബോധ്യം എനിക്കുള്ളത് കൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഞാൻ രാജി വയ്ക്കുകയാണ്. എന്നറിയിക്കുന്നു. ഇത് സ്വീകരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും ഞാൻ അഭ്യാർഥിക്കുന്നു.
മധ്യമപ്രവർത്തകരോട് ഒരു വാക്ക് പറയാനുണ്ട്. എന്റെ വീട് എന്റെ സ്വകാര്യതയാണ്. ഈ വീട്ടുമുറ്റത്തേക്ക് എന്റെ അനുവാദമില്ലാതെയാണ് നിങ്ങളുടെ ഒരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നത്. ഇന്നും ഇത് ആവർത്തിക്കാനായി വീടിനുപുറത്ത് കാത്തുനിൽക്കുന്നുണ്ട്. ദയവ് ചെയ്ത് ഒരു കാര്യം മനസിലാക്കുക. എനിക്ക് ഒരു ക്യാമറയേയും അഭുമുഖികരിക്കേണ്ട കാര്യമില്ല. ഞാൻ ഈ അയയ്ക്കുന്ന ശബ്ദസന്ദേശത്തിൽ കാര്യങ്ങൾ വ്യക്തമാണ്. ഇങ്ങനെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.