
മസ്‌കത്ത് : ആർക്കൈവ്‌സ്, ചരിത്രപരമായ രേഖകളുടെ സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയും ഒമാനും സഹകരിക്കും. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും സഹകരണത്തിനായുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ ഒപ്പുവച്ചു. രേഖകളുടെയും ആർക്കൈവുകളുടെയും നടത്തിപ്പിലും സംരക്ഷണത്തിലുമുള്ള സഹകരണം വർധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.
നാഷനൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ് അതോറിറ്റി (എൻആർഎഎ) ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധോയാനിയും നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അരുൺ സിങ്ങാളും കരാറിൽ ഒപ്പുവച്ചു. രേഖകളുടെ കൈമാറ്റം, പകർപ്പ്, ചരിത്രപരമായ കൈയെഴുത്ത് പ്രതികളുടെയും പുസ്തകങ്ങളുടെയും സംരക്ഷണം, സാംസ്കാരിക, സാഹിത്യ, ചരിത്രപരമായ കൃതികളുടെ പ്രസിദ്ധീകരണത്തിലെ സഹകരണം എന്നിവയുൾപ്പെടെ വിപുലമായ സഹകരണ ശ്രമങ്ങൾ കരാറിലുണ്ട്. ശേഷി വർധിപ്പിക്കുക, വൈദഗ്ധ്യം പങ്കിടുക, ശാസ്ത്രീയ ഗവേഷണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ആർക്കൈവ്‌സ് മാനേജ്‌മെന്റ് മേഖലയിൽ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.