കൊച്ചി : കൊച്ചി ആസ്ഥാനമായ കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്‌സിന്റെ സ്ഥാപകനും പ്രശസ്ത ആർക്കിടെക്ടുമായ എസ്. ഗോപകുമാറിന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട്‌സിന്റ വിഖ്യാതമായ ബാബുറാവു മാത്രേ ഗോൾഡ് മെഡൽ പുരസ്‌കാരം ലഭിച്ചു. കേരളത്തിൽ നിന്ന് പുരസ്‌കാരം ലഭിക്കുന്ന പ്രഥമ ആർക്കിടെക്ടാണ് ഗോപകുമാർ.
പ്രവർത്തന മേഖലയിലെ മികവിനും ഇന്ത്യൻ ആർക്കിടെക്ട് രംഗത്തിനു നൽകിയ സംഭാവനകളെയും മാനിച്ചാണ് ഗോപകുമാറിന് പുരസ്‌കാരം സമ്മാനിക്കുന്നത്. പദ്മശ്രീ അച്യുത് കാൻവിൻദേ, പദ്മവിഭൂഷൺ ചാൾസ് കൊറിയ, പദ്മശ്രീ ബി.വി. ദോഷി, പദ്മശ്രീ ലാറി ബേക്കർ തുടങ്ങിയവരാണ് മുമ്പ് ലഭിച്ചവർ.
ഇൻസ്റ്റിറ്റിയൂട്ടിന്റെ ഇരുപത്തിരണ്ടാമത് ദേശീയ കൺവെൻഷനിൽ ദേശീയ പ്രസിഡന്റ് ദിവ്യാ കുഷ് പുരസ്‌കാരം സമ്മാനിച്ചു.
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സ്വർണമെഡലോടെ ബിരുദം നേടിയ ഗോപകുമാർ വിഖ്യാത ആർക്കിടെക്ട് പദ്മവിഭൂഷൻ ചാൾസ് കൊറേയക്കൊപ്പമാണ് കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ അസോസിയേറ്റായി. 1976 ൽ കുമാർ ഗ്രൂപ്പിന് തുടക്കം കുറിച്ച അദ്ദേഹം കൊച്ചിയിലെ എച്ച്.ഡി.എഫ്.സി., തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി സമുച്ചയം, കോഴിക്കോട് ടാജ് റസിഡൻസി ഹോട്ടൽ തുടങ്ങിയ ശ്രദ്ധ നേടിയ കെട്ടിടങ്ങളുടെ രൂപകൽപ്പന അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.











