ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ചേനപ്പാടിയിൽനിന്നു പാളത്തൈരും ചെന്നിത്തലയിൽനിന്നുള്ള അരിയും ഇന്നലെ പാർഥസാരഥീക്ഷേത്രത്തിൽ എത്തിച്ചു. പള്ളിയോട സേവാസംഘം, തിരുവിതാംകൂർ ദേവസ്വംബോർഡ് ഭാരവാഹികൾ ചേർന്ന് പാളത്തരും അരിയും സ്വീകരിച്ചു.കോട്ടയം ചേനപ്പാടിയിൽനിന്ന് 650 പേരടങ്ങുന്ന സംഘം 11നാണ് ക്ഷേത്രത്തിലെത്തിയത്. പാർഥസാരഥി ഭക്തജനസമിതി പ്രസിഡന്റ് കെ.കെ. രാജപ്പൻ നായർ, വൈസ് പ്രസിഡന്റ് സുരേഷ് നാഗമറ്റത്തിൽ, സെക്രട്ടറി കെ.എസ്.ജയകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി.പി.വിജയകുമാർ, ട്രഷറർ അഭിലാഷ് പടത്തിയാനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.
ചേനപ്പാടി ഇളങ്കാവ് ഭഗവതിക്ഷേത്രം, ധർമശാസ്താക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ഭഗവതിക്ഷേത്രം, കിഴക്കേക്കര ദേവീക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തിക്ഷേത്രം എന്നിവിടങ്ങളിലെയും മഹാലക്ഷ്മി കാണിക്കമണ്ഡപം, ചേനപ്പാടി എസ്എൻഡിപി യോഗം, പരുന്തന്മല കാണിക്കമണ്ഡപം എന്നിവിടങ്ങളിലെയും വഴിപാടിനുശേഷം ഘോഷയാത്രയായാണ് ആറന്മുളയിൽ എത്തിയത്.
ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ വിവിധ നാരായണീയസമിതികളിലെ അംഗങ്ങളും പങ്കെടുത്തു. റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രം, അവിട്ടം തിരുനാൾ ജലോത്സവസമിതി, റാന്നി രാമപുരം ശ്രീകൃഷ്ണക്ഷേത്രസമിതി എന്നിവരുടെ സ്വീകരണത്തിനുശേഷമാണ് ആറന്മുളയിലെത്തിയത്.ആലപ്പുഴ ചെന്നിത്തല കരയിൽനിന്ന് 500 പറ അരി ചെന്നിത്തല തെക്ക് എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് എത്തിച്ചത്. പ്രസിഡന്റ് ദീപു പടാരത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, കുത്തിയോട്ടാചാര്യൻ വിജയരാഘവക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
ചേനപ്പാടി, ചെന്നിത്തല എന്നിവിടങ്ങളിൽനിന്നു വന്ന സംഘത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.കെ.ഈശ്വരൻ നമ്പൂതിരി, സുരേഷ്, അജയ് ഗോപിനാഥ്, സുരേഷ്കുമാർ, ബി. കൃഷ്ണകുമാർ, കെ.ബി. സുധീർ, അജി ആർ. നായർ, വിജയകുമാർ ചുങ്കത്തിൽ, രവീന്ദ്രൻ നായർ, ശശികുമാർ, കെ.ആർ. സന്തോഷ്, മുരളി ജി.പിള്ള, പാർഥസാരഥി പിള്ള എന്നിവർ നേതൃത്വം നൽകി.











