നിക്ഷേപകര്‍ക്കും കലാപ്രതിഭകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പിന്നാലെ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇയുടെ ഗോള്‍ഡന്‍ വീസ
അബുദാബി : യുഎഇയിലെ ആരോഗ്യ മേഖലയിലെ സേവനം കണക്കിലെടുത്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സ്മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാര്‍ക്കാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചത്.
ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വീസ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. നിക്ഷേപകര്‍ക്കും കലാപ്രതിഭകള്‍ക്കും പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗോള്‍ഡന്‍ വീസ നല്‍കുമെന്ന് യുഎഇ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
പത്തുവര്‍ഷത്തേക്കുള്ള വീസ ലഭിക്കുന്നത് നഴ്‌സ്മാര്‍ക്ക് ആശ്രിതരെ സ്‌പോണ്‍സര്‍ ചെയ്യാനും ഗാര്‍ഹിക ജോലിക്ക് ആളെ നിയമിക്കാനും സഹായകരമാകും. ഇതു കൂടാതെ ആറു മാസം സ്ഥിരതാമസം വേണമെന്ന നിബന്ധനയും ഒഴിവായിക്കിട്ടും.
അബുദാബി എന്‍എംസിയില്‍ നഴ്‌സായ കോട്ടയം സ്വദേശി സുനില്‍ജോസഫ്, ഉഴവൂര്‍ സ്വദേശി അനുമോള്‍ എന്നിവര്‍ക്ക് പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു.
വീസ പുതുക്കാന്‍ അപേക്ഷിച്ചപ്പോഴാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വീസയ്ക്ക് യോഗ്യതയുണ്ടെന്ന വിവരം ഇവര്‍ അറിയുന്നത്.
ആറായിരത്തോളം നിക്ഷേപകര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ലെന വരെയുള്ള അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്.