ദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷ, പ്രതിരോധ മേഖലകളിലെ പുത്തൻ കാഴ്ചകളും സുരക്ഷ രംഗത്തെ നൂതന കണ്ടെത്തലുകളുമായി ‘മിലിപോൾ ഖത്തർ’ 15ാമത് പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) തുടക്കമായി. ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ, അംബാസഡർമാർ ഉൾപ്പെടെ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സുരക്ഷ വിഭാഗങ്ങൾക്കു പുറമെ, സുരക്ഷ ഏജന്‍സികൾ, വിദേശരാജ്യങ്ങളിൽ നിന്നുള്ള ആയുധ നിര്‍മാതാക്കൾ, വിവിധ രാജ്യങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് മിലിപോൾ.
ഏറ്റവും ആധുനിക യന്ത്രത്തോക്കുകൾ മുതൽ ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം പ്രദര്‍ശനത്തിനുണ്ട്. കുറ്റാന്വേഷണ മേഖലയിലും പൗരന്മാരുടെ സുരക്ഷക്ക് ഉപയോഗിക്കുന്ന അത്യാധുനിക റോബോട്ടുകളും ഡ്രോണുകളും പരിചയപ്പെടുത്തുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇത്തവണ പ്രദര്‍ശനത്തിലെ താരം. അന്തർദേശീയവുമായ 250ഓളം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ 350ഓളം ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഗതാഗതം, സൈബര്‍ സുരക്ഷ, തീര -അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക സ്റ്റാളുകളുമുണ്ട്.
