കോഴിക്കോട് : ആധുനിക ഇന്ത്യക്ക് പുതുമുഖം നൽകിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻറെ വിയോഗത്തിൽ ആദരാജ്ഞലികൾ നേർന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ വിടവാങ്ങൽ സംബന്ധിച്ച വാർത്താ ഏറെ വിഷമകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം. ലോകം മുഴുവൻ സാമ്പത്തിക ഞെരുക്കത്തിൽപെട്ടുലഞ്ഞപ്പോൾ കൃത്യമായ നയം മാറ്റത്തിലൂടെ ഇന്ത്യൻ സമ്പദ്ഘടനയെ സന്തുലിതമാക്കി. രാജ്യത്തിന് മൂല്യവത്തായ അനേകം പദ്ധതികൾ നൽകിയ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ എല്ലാമേഖലയിലും വൻകുതിപ്പ് നടത്തിയെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പ്രതിപക്ഷ കക്ഷികൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പരിഹസിക്കുകയും ചെയ്തപ്പോൾ അതിനെയെല്ലാം തന്റെ പ്രവർത്തന മികവിലൂടെയാണ് അദ്ദേഹം നേരിട്ടതെന്ന് തങ്ങൾ പറഞ്ഞു. ഫാസിസത്തിന്റെ കരാള ഹസ്തത്തിൽ ഇന്ത്യക്ക് അടിപറതുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ അദ്ദേഹത്തെ പോലൊരു സാമ്പത്തിക വിദഗ്ധന്റെയും ഭരണതന്ത്രജ്ഞന്റെയും വിയോഗം രാജ്യത്തിന് തീർത്താൽ തീരാത്ത നഷ്ടമാണെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു.
ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. ‘സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള’ എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു.
1932ല്‍ പഞ്ചാബിലായിരുന്നു മന്‍മോഹന്‍ സിംഗിന്റെ ജനനം. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. കുറ്റമറ്റ ഒരു അക്കാദമിക് റെക്കോര്‍ഡോടെ തുടങ്ങി ബിഎയിലും എംഎയിലും പഞ്ചാബ് സര്‍വ്വകലാശാലയില്‍ ഒന്നാമതെത്തി. കേംബ്രിഡ്ജിലേക്ക് മാറി, ഒടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്ന് ഡി ഫില്‍ നേടി. ഇന്ത്യയെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയിലേക്ക് നയിച്ചത് മന്‍മോഹന്‍ സിംഗ് ആണ്.