അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ ഏറ്റവും വലിയ ലോട്ട് സ്റ്റോർ കൂടിയാണിത്.
ഫെഡറൽ നാഷണൽ കൗൺസിൽ അംഗമായ ഡോ. ഷെയ്ഖ് സലേം ബിൻ റക്കാദ് അൽ അമേരി ആണ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലിയുടെ സാന്നിധ്യത്തിൽ സ്റ്റോർ ഉദ്‌ഘാടനം ചെയ്തത്.
അൽ ഐനിലെ ലോട്ട്, ജിസിസിയിലെ 17-ാമത്തേതും യുഎഇയിലെ ഏഴാമത്തേതുമാണ്. ഏകദേശം 5300 ചതുരശ്ര അടിയിൽ വ്യാപിച്ചിരിക്കുന്ന സ്റ്റോറിൽ ഭൂരിഭാഗം ഉൽപന്നങ്ങൾക്കും 19 ദിർഹത്തിന് താഴെയാണ് വില.
വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫാഷൻ ആക്‌സസറികൾ, സൗന്ദര്യവർദ്ധന ഉൽപന്നങ്ങൾ തുടങ്ങിയവയുൾപ്പെടെ വൈവിധ്യമാർന്ന പ്രാദേശികവും അന്താരാഷ്ട്രവുമായ ഉൽപന്ന ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ ഷോപ്പിങ് സൗകര്യങ്ങൾ കൂടുതൽ പ്രാദേശിക തലത്തിലേക്ക് എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് ‘ലോട്ട്’ കൺസപ്റ്റ് വ്യാപകമാക്കുകയാണ്. 2050 ഓടെ 50 ലോട്ട് സ്റ്റോറുകൾ സ്ഥാപിക്കുക എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് അൽ ഐനിലെ പുതിയ ലോട്ട് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടനം ചടങ്ങിൽ ലുലു ഗ്രൂപ്പിന്റെ ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, അബുദാബി & അൽ ദഫ്ര റീജിയണൽ ഡയറക്ടർ അബൂബക്കർ എന്നിവർ പങ്കെടുത്തു.