കുവൈത്ത് സിറ്റി: അറേബ്യൻ മേഖലയിലെ ഫുട്ബാൾ ജേതാക്കളെ നിശ്ചയിക്കുന്ന ഗൾഫ് കപ്പ് പോരാട്ടത്തിന് കുവൈത്തിൽ തുടക്കം. ഇനിയുള്ള രണ്ടാഴ്ചക്കാലം കുവൈത്തിനൊപ്പം ഗൾഫ്മേഖലയും ഫുട്ബാൾ ലഹരിയിലാകും. അർദിയ ജാബിർ അൽ അഹമ്മദ് ഇന്റർ നാഷനൽ സ്റ്റേഡിയത്തിൽ വർണാഭമായി നടന്ന ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അടക്കമുള്ള കുവൈത്ത് നേതൃത്വം പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി.
ലോകകപ്പ് മാതൃകയിലുള്ള വിപുലമായ ആഘോഷ പരിപാടികളാണ് ഉദ്ഘാടനഭാഗമായി ഒരുക്കിയത്. വൈകിട്ട് ആറുമണിയോടെ ചടങ്ങുകൾ ആരംഭിച്ചു. കനത്ത തണുപ്പിനിടയിലും സംഗീത -വിനോദ പരിപാടികൾ ആസ്വദിക്കാൻ മത്സരത്തിനും മണിക്കൂറുകൾ മുമ്പേ കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ഫുട്ബാൾ ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ. ജനുവരി മൂന്നിനാണ് ഫൈനൽ. 10 തവണ കപ്പുയർത്തി കുവൈത്ത് ഗൾഫ് കപ്പിൽ മുന്നിലുമാണ്. ഇറാഖ് നാലുതവണയും ഖത്തർ, സൗദി അറേബ്യ എന്നിവ മൂന്നു തവണയും ജേതാക്കളായി. ഒമാൻ, യു.എ.ഇ എന്നിവ രണ്ടു തവണയും ബഹ്റൈൻ ഒരു തവണയും കിരീടം നേടി. ഇറാഖാണ് നിലവിലെ ജേതാക്കൾ.
