ജിദ്ദ: യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജിദ്ദയിൽ നടന്ന അമേരിക്കയും യുക്രെയ്നും തമ്മിലുള്ള ചർച്ചയെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച ജിദ്ദയിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യുക്രെനിയൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിലുള്ള ചർച്ച യുക്രെയ്നിയൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടുള്ളതും രാജ്യാന്തര ശ്രമങ്ങൾക്കുള്ള പിന്തുണയും സമാധാനത്തിനായുള്ള രാജ്യത്തിന്റെ താൽപര്യവുമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ പ്രശംസിക്കുകയും 2025-ൽ ജോയന്റ് ബിസിനസ് കൗൺസിൽ പുനഃസ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
പതാക ദിനം ആഘോഷിക്കുന്ന ഈ അവസരം സൗദി രാഷ്ട്രം സ്ഥാപിതമായതു മുതൽ അതിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന മൂല്യത്തിന്റെ സ്ഥിരീകരണമായി കണക്കാക്കുന്നുവെന്ന് മന്ത്രിസഭ സൂചിപ്പിച്ചു. ഒ.ഐ.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗം പുറപ്പെടുവിച്ച പ്രസ്താവനയുടെ ഉള്ളടക്കത്തെ മന്ത്രിസഭ പ്രശംസിച്ചു.
രാജ്യത്ത് ആഭ്യന്തര സമാധാനം നിലനിർത്തുന്നതിനും സർക്കാർ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കുന്നതിനും സിറിയൻ നേതൃത്വം സ്വീകരിച്ച നടപടികളെയും പ്രശംസിച്ചു. ‘ഇസ്ലാമിക വിഭാഗങ്ങൾക്കിടയിൽ പാലങ്ങൾ നിർമിക്കുന്നു’ എന്ന തലക്കെട്ടിൽ മക്കയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇസ്ലാമിക രാഷ്ട്രത്തിലെ പ്രമുഖ പണ്ഡിതന്മാരും ചിന്തകരും പങ്കെടുത്ത് അവരുടെ ചിന്തകൾ പ്രകടിപ്പിച്ചതിന് മന്ത്രിസഭ നന്ദി അറിയിച്ചു.
