കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിന് ഒരാണ്ട്. 2023 ഡിസംബർ 20നാണ് കുവൈത്തിന്റെ 17ാമത് അമീറായി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റത്. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിന് പിറകെ ശൈഖ് മിശ്അലിനെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ പുതിയ അമീറായി തെരഞ്ഞെടുക്കുകയായിരുന്നു.
പുതിയ അമീറിന് കീഴിൽ ഒരു വർഷം പൂർത്തിയാകുമ്പോൾ വികസനത്തിന്റെയും പുരോഗതിയുടെയും ഒരാണ്ട് ആഘോഷിക്കുകയാണ് കുവൈത്ത്. സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൈസേഷൻ, സുതാര്യത, അഴിമതിക്കെതിരെ പോരാടൽ എന്നിവക്ക് കഴിഞ്ഞ ഒരു വർഷമായി അമീർ ഊന്നൽ നൽകി.
യുവജന ശാക്തീകരണം, സ്ത്രീ അവകാശങ്ങൾ, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ എന്നിവക്കായും ഇടപെടലുകൾ നടത്തി. ഔദ്യോഗിക സന്ദർശനങ്ങളിലൂടെയും ജി.സി.സി ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെയും ഗൾഫ് ഐക്യം ശക്തിപ്പെടുത്തി. ഫലസ്തീൻ ഉൾപ്പെടെയുള്ള അറബ്, അന്താരാഷ്ട്ര വിഷയങ്ങളിൽ സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഉറച്ച നിലപാടും കൈക്കൊണ്ടു. അമീറായി ഒരു വർഷം പൂർത്തിയാക്കിയ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ വിവിധ മേഖലയിലുള്ളവർ അഭിനന്ദിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ കൈവരിച്ച വികസനത്തെയും സിവിൽ നേട്ടങ്ങളെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അഭിനന്ദിച്ചു. കൂടുതൽ വികസനവും സമൃദ്ധിയും കൈവരിക്കാൻ ഒരുമിച്ച് മുന്നേറാമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും മറ്റു മുതിർന്ന നേതൃത്വവും അഭിനന്ദനം അറിയിച്ചു.
