തിരുവനന്തപുരം: ദ ഹിന്ദുവിൽ നൽകിയ അഭിഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദുവിനെ പൂർണ്ണമായും തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെയും വിശദീകരണം.
തന്റെ ഇൻ്റർവ്യൂന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ്. അത് തനിക്കും
താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരുണ്ടായിരുന്നു അഭിമിഖത്തിനെത്തിയത്. ഒന്ന് ലേഖികകയായിരുന്നു. അവരിടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞു. ഒരു ചോദ്യം അൻവറിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു. അതിൽ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ വിശദമാക്കുന്നില്ലെന്നും പറഞ്ഞു.
‘എന്നാൽ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത ഭാഗം ഉണ്ടായി. എന്റെ നിലപാടുകൾക്ക് അറിയില്ലേ, ഏതെങ്കിലുമൊരു ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതു പ്രവർത്തനരംഗത്ത് കണ്ടിട്ടുണ്ടോ?, അങ്ങനെ ഉണ്ടാവില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
‘സാധാരണ ഗതിയിൽ ഇത്തരത്തിൽ കൊടുക്കാൻ പാടില്ലാത്തതാണ്. ഏതെങ്കിലുമൊരു ഭാഗം കിട്ടിയാൽ ആ കിട്ടിയത് ഞാൻ പറഞ്ഞതായി കൊടുക്കാൻ പാടുണ്ടോ, ഇപ്പോൾ പറയുന്നത് റെക്കോർഡ് ചെയ്യുന്നില്ലേ, അൻവറിന്റെ കാര്യത്തിൽ മാത്രമാണ് മറുപടി പറയാതിരുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താൻ സംസാരിക്കുമ്പോൾ ഒരാൾ കൂടി കടന്നുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു മാധ്യമപ്രവർത്തകരുടെ കൂടെയുള്ള ആളാണെന്ന് കരുതി. പിന്നെ അറിയുന്നു ഏജൻസിയുടെ ആളാണെന്ന്. ഒരു ഏജൻസിയെയും താനോ സർക്കാരോ ചുമതലപ്പെടുത്തിയിട്ടുമില്ല.
താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. തനിക്ക് ഡാമേജ് ഉണ്ടാക്കാനുള്ള ശ്രമമല്ലേ നടത്തുന്നത്, അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.
സെപ്റ്റംബർ 29 ന് ദ ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. ”123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്”, എന്നതാണ് ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവാദ ഭാഗം.
ഈ ഭാഗം ഉയർത്തി പി വി അൻവർ രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും ഇതോടെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയക്കുകയും ചെയ്തു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്സൻ എന്ന പി ആർ കമ്പനി എഴുതി നൽകിയ ഭാഗമാണ് മലപ്പുറം പരാമർശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താൻ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇന്നും ഇതേ കാര്യമാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഒപ്പം കെയ്സൻ എന്ന പി ആർ കമ്പനിയെ സർക്കാരോ താനോ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോഴും തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്ത് വിവാദമുണ്ടാക്കിയതിൽ നടപടിയെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.