റെസ്റ്റൊറന്റിലെ എല്‍പിജി സംഭരണിയിലെ ചോര്‍ച്ച മൂലം ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ മലയാളിയെന്ന് സ്ഥിരീകരിച്ചു.
അബുദാബി: ഖലീദിയയിലെ റെസ്റ്റൊറന്റില്‍ പാചക വാതക സംഭരണിയിലെ ചോര്‍ച്ച മൂലം ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ പ്രവാസി മലയാളിയെന്ന് സ്ഥിരീകരിച്ചു.
ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് മരിച്ചതെന്ന് അറിവായിട്ടുണ്ട്. മരിച്ച മറ്റൊരാള്‍ പാകിസ്ഥാനിയാണെന്നും അധികൃതര്‍ സൂചന നല്‍കി. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അബുദാബി ഖാലിദിയയിലെ റെസ്റ്റൊറന്റിലെ പാചക വാചത സംഭരണിയില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് വലിയ സ്‌ഫോടനം നടന്നത്.
120 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരില്‍ എട്ടുപേര്‍ റെസ്റ്റൊറന്റ് ജീവനക്കാരാണ്.
പരിക്കേറ്റവരില്‍ 106 പേര്‍ ഇന്ത്യക്കാരാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇവരെ ഖലീഫ മെഡിക്കല്‍ സിറ്റി, ഷഖ്ബൂത് സിറ്റി, മെഡിയോര്‍, ലൈഫ് ലൈന്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടിട്ടുണ്ട്.
ഖലീദിയയിലെ ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഫുഡ് കെയര്‍ എന്ന റെസ്റ്റൊറന്റിലാണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും പ്രവാസി സംഘടനകളും സഹായത്തിനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്നിട്ട് ഇറങ്ങി. സ്‌ഫോടനത്തെ തുടര്‍ന്ന് ആറ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.