അബുദാബി : കോടതി ഫീസുകൾ 12 മാസ തവണകളായി അടയ്ക്കാൻ ബാങ്കുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സംവിധാനം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം കോടതി നടപടികൾ പൂർത്തിയാക്കാനാകാതെ പ്രയാസപ്പെടുന്ന ഒട്ടേറെ ആളുകൾക്ക് ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം.കോടതി, പബ്ലിക് പ്രോസിക്യൂഷൻ ഫീസ്, തർക്ക പരിഹാര ഫീസ്, അഭിഭാഷകർ, വിദഗ്ധർ, നോട്ടറി സേവനങ്ങൾ, എഡിജെഡി സേവനങ്ങളിലേക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.
വ്യക്തികൾക്ക് അക്കൗണ്ടുള്ള ബാങ്കുകളുമായി സഹകരിച്ചാണ് ഇതിന് സംവിധാനം ഏർപ്പെടുത്തുക. മേഖലയിൽ ആദ്യമായാണ് കോടതി ഫീസ് തവണകളായി അടയ്ക്കാൻ അവസരമൊരുക്കുന്നത്. നടപടികൾ ലഘൂകരിക്കുകയും സാമ്പത്തികപ്രശ്നത്തിന് പരിഹാരം നിർദേശിക്കുകയും ചെയ്തതിലൂടെ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.മൊത്തം ഫീസ് 12 മാസ തവണകളായി അടയ്ക്കുന്നതിന് ബാങ്കുമായി കരാറിലെത്തണം. പലിശ രഹിത തവണകളായി തിരിച്ചടയ്ക്കാവുന്നതിനാൽ ഇടപാടുകാർക്ക് അധിക ബാധ്യതയും വരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
