ബിസിനസ് പങ്കാളിയേയും കമ്പനി മാനേജരേയും വകവരുത്താന്‍ മുഖ്യപ്രതി ഷൈബിന്‍ നടത്തിയത് ആസൂത്രിതമായ നീക്കങ്ങള്‍
അബുദാബി : ബിസിനസ് പങ്കാളിയേയും കമ്പനി മാനേജരേയും വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഷൈബിന്‍ അഷ്‌റഫ് നടത്തിയത് സിനിമകളെ പോലും വെല്ലുന്ന രീതിയിലുള്ള ആസൂത്രിത നീക്കങ്ങള്‍.
ഷൈബിന്റെ വ്യാപാര പങ്കാളി കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, കമ്പനിയുടെ മാനേജര്‍ ചാലക്കുടി സ്വദേശിനി ഡെന്‍സി എന്നിവരാണ് അബുദാബിയിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടത്. 2020 മാര്‍ച്ച് അഞ്ചിന് അബുദാബിയിലെ ഫ്‌ളാറ്റിലാണ് ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അബുദാബി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സംശയങ്ങളോ ദുരൂഹതകളോ ബന്ധുക്കള്‍ ആരോപിക്കാതിനെ തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു.
കൊലപാതകം എങ്ങിനെ ചെയ്യണമെന്ന് കൃത്യമായി പദ്ധതി ഷൈബിനുണ്ടായിരുന്നതിന്റെ തെളിവായി ഒരു വീഡിയോ പോലീസ് കണ്ടെടുത്തിരുന്നു. കൊലുപാതകം നടത്തുന്ന വിധം വിവരിക്കുന്ന 45 പേജുള്ള ബ്ലൂപ്രിന്റ് വീഡിയോയില്‍ ഉണ്ട്. ഇവ ഒരോന്നും പ്രിന്റെടുത്ത് ഭിത്തിയില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു.
ഷൈബിന്റെ കൂട്ടാളി നൗഷാദാണ് ഇതിന്റെ വീഡിയോഷൂട്ട് ചെയ്തത്. ഹാരിസും കമ്പനി മാനേജരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും മദ്യപിച്ച ഹാരിസ് കഴുത്തു ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുന്നതായും പിന്നീട് കൈഞരമ്പ് മുറിച്ച് ഹാരിസ് കുളിമുറിയില്‍ ആത്മഹത്യ ചെയ്യുന്നതുമായാണ് ഷൈബിന്റെ തിരക്കഥ.
ഇങ്ങിനെ തന്നെയാണ് കൊല നടത്തിയതും.
ഡെന്‍സിയുടെ കഴുത്തില്‍ ഹാരിസിന്റെ കൈകള്‍ ബലമായി ചേര്‍ത്തുപിടിച്ച് വിരലടയാളം പതിപ്പിച്ചു. ഇതുമൂലം കൊലപ്പെടുത്തിയത് ഹാരിസ് തന്നെയാണെന്ന പ്രാഥമിക നിഗമനം അന്തിമ വിലയിരുത്തലായി.
തന്നെ കൊല്ലരുതെന്നും തനിക്ക് മൂന്നു മക്കളുണ്ടെന്നും ഡെന്‍സി പറഞ്ഞിട്ടും പ്രതികള്‍ അനുകമ്പ കാണിച്ചില്ല,
ഡെന്‍സി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഹാരിസിന്റെ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഹാരിസിന്റെ രക്തക്കറയുള്ള ചെരിപ്പ് ധരിച്ച് ഇവര്‍ മുറിയിലൂടെ പലവട്ടം നടന്നു.
ഹാരിസിന്റെ കൈകള്‍ കെട്ടിയിട്ട ശേഷമാണ് എല്ലാം ചെയ്തത്. കുളിമുറിയില്‍ തള്ളിയ ശേഷം ഹാരിസ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം കെട്ടഴിച്ച് കളഞ്ഞു.
കൈഞരമ്പ് മുറിക്കും മുമ്പ് ഹാരിസിന്റെ വായില്‍ നിര്‍ബന്ധിച്ച് മദ്യം ഒഴിച്ചുകൊടുത്തു.
ഹാരിസിനെ വകവരുത്താനുള്ള ആസൂത്രണങ്ങള്‍ നാട്ടില്‍ ഇരുന്നാണ് ഷൈബിന്‍ തയ്യാറാക്കിയത്. ആദ്യം ഹാരിസിന്റെ ഫ്‌ളാറ്റില്‍ മയക്കു മരുന്നു കൊണ്ട് വെച്ച് അബുദാബി പോലീസിനെ കൊണ്ട് പിടിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.
എന്നാല്‍, മയക്കു മരുന്നു കേസില്‍ വധശിക്ഷ ലഭിക്കണമെങ്കില്‍ വന്‍തോതില്‍ മയക്കുമരുന്നു ശേഖരം പിടികൂടണം. ഇതിനു മുമ്പ് മയക്കുമരുന്നു കച്ചവടത്തില്‍ ഏര്‍പ്പെട്ടതായി തെളിവുമില്ലെന്നതിനാലാണ് ഈ ഉദ്യമം വേണ്ടെന്ന് വെച്ചത്.
കൊല നടത്തും മുമ്പ് ഹാരിസിന്റെ ഫ്‌ളാറ്റിനു തൊട്ടുമുകളിലെ ഫ്‌ളാറ്റില്‍ കൊലയാളി സംഘം താമസിച്ചിരുന്നു. ഒരു മാസം മുമ്പ് ഇവിടെ താമസിക്കാനെത്തി ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്നാണ് കൊലപാതകം, എന്നാല്‍, കൊലപാതകത്തിനു ശേഷം രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
ഫെബ്രുവരിയില്‍ കോവിഡ് പടര്‍ന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയാതെ രണ്ടു മാസത്തോളം ഇതേ ഫ്‌ളാറ്റില്‍ കഴിയേണ്ടി വന്നു.
എട്ടുപേരാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെന്ന് പോലീസ് കരുതുന്നു. മറ്റുള്ളവര്‍ ഫ്‌ളാറ്റ് എടുക്കുന്നതു മുതല്‍ തിരികെ നാട്ടിലെത്തും വരെയുള്ള കാര്യങ്ങളുടെ ചുമതലക്കാരായിരുന്നു.
ഒരോ സംഘാംഗങ്ങള്‍ക്കും ഒരോ ദൗത്യമായിരുന്നു. ഒരാള്‍ ഒരു ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ മറ്റൊരാള്‍ ദൗത്യമേറ്റെടുക്കുന്നതു പോലും ആസൂത്രണം ചെയ്തിരുന്നു.
ഷൈബിന്‍ ഒരോ നീക്കവും നാട്ടില്‍ നിന്ന് ഓപറേറ്റ് ചെയ്തു.
മൈസൂര്‍ സ്വദേശിയും പാരമ്പര്യ വൈദ്യുനുമായ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പിടിയിലായപ്പോഴാണ് അബുദാബിയിലെ ഇരട്ടക്കൊലയിലെ പങ്കാളിത്തവും പ്രതികള്‍ സമ്മതിച്ചത്.
സംഘാംഗങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇവരേയും വകവരുത്താന്‍ ഷൈബിന്‍ പദ്ധതിയിട്ടത്. എന്നാല്‍, ഇതിനുമുമ്പ് ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ പോലീസിനു മുന്നില്‍ കീഴടങ്ങി സത്യം ഏറ്റുപറയുകയുമായിരുന്നു.