ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ ഉദ്യോഗസ്ഥനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതായാണ് കേസ്
മനാമ : അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തയാള്‍ക്ക് മൂന്നു മാസത്തെ ജയില്‍ ശിക്ഷ.
നിയമാനുസരണമായ ഔദ്യോഗിക കൃത്യനിര്‍വ്വഹണം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇകഴ്ത്തുകയും വ്യക്തിപരമായി അവഹേളിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രചരിപ്പിച്ചതെന്ന് ്‌പ്രോസിക്യൂഷന്‍ ആരോപിച്ചു.
തന്റെ ചെയ്തി ആരേയും അവഹേളിക്കാനായിരുന്നില്ലെന്നും തന്റെ നിയമപരമായ അവകാശം സ്ഥാപിക്കാനായിരുന്നു വീഡിയോ ചിത്രീകരിച്ചതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നും നടന്ന സംഭവത്തിന്റെ തെളിവിനായുമാണ് ഇത് സംഭവത്തെക്കുറിച്ച് അറിയാവുന്ന ചിലര്‍ക്ക് അയച്ചു കൊടുത്തതാണെന്നും ഇത് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് അത്ഭുതപ്പെടുത്തിയെന്നും ഇയാള്‍ വാദിച്ചു.
കെട്ടിട നിര്‍മാണത്തില്‍ നിയമവിരുദ്ധത ഉണ്ടെന്ന് കോടതിയില്‍ ഇയാള്‍ സമ്മതിച്ചു. എന്നാല്‍, തന്റെ ഭാഗം ഉദ്യോഗസ്ഥന്‍ കേട്ടില്ലെന്ന പരാതിയുണ്ടെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍, നിയമലംഘനം നടത്തിയെന്ന് ബോധ്യമുള്ളയാളാണ് ഉദ്യോഗസ്ഥനെ അവഹേളിച്ചതെന്ന് ഹൈ ക്രിമിനല്‍ കോര്‍ട്ട് കണ്ടെത്തി. മറ്റൊരാള്‍ക്ക് വീഡിയോ സാമൂഹ്യ മാധ്യമം വഴി അയച്ചു കൊടുക്കുന്നത് വീഡിയോ പ്രസിദ്ധീകരിക്കലും പ്രചരിപ്പിക്കലുമാണെന്നും കോടതി കണ്ടെത്തി.
സൈബര്‍ നിയമപ്രകാരവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അവഹേളിച്ചതിനും കുറ്റം ചാര്‍ത്തിയാണ് ഇയാള്‍ക്ക് മൂന്നു മാസത്തെ തടവ് ശിക്ഷ വിധിച്ചത്.